അൽഐൻ, തവാം ആശുപത്രികൾ ലയിക്കുന്നു
text_fieldsഅബൂദബി: അൽഐൻ ആശുപത്രിയും തവാം ആശുപത്രിയും ലയിക്കുന്നു. അബൂദബി ഹെൽത്ത് സർവീസസ് കമ്പനിയായ സേഹയുടെ കീഴിലുള്ള രണ്ട് ആശുപത്രികളിലെ സേവനങ്ങൾ ഏകീകരിക്കുന്നതിെൻറ ഭാഗമായി അൽഐൻ ആശുപത്രിയിലെ പ്രസവ-വനിത യൂനിറ്റുകൾ ഞായറാഴ്ച മുതൽ പ്രവർത്തിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സ ഇനി മുതൽ തവാം ആശുപത്രിയിൽ മാത്രമാണ് നടത്തുക. പൊതുജനാരോഗ്യ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ചികിത്സ മികവ് വർധിപ്പിക്കുന്നതിനും ഔട്ട് പേഷ്യൻറുകൾക്കുള്ള സേവനങ്ങൾ ഞായറാഴ്ച മുതൽ അൽഐൻ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ, ഇൻപേഷ്യൻറ് ചികിത്സ തവാം ആശുപത്രിയിൽ മാത്രമാവും. ഏപ്രിൽ മുതൽ എല്ലാ ഔട്ട്പേഷ്യൻറ് ചികിത്സയിൽ അൽഐൻ ആശുപത്രിയിലും ഇൻപേഷ്യൻറുകളെ ഏപ്രിൽ പകുതിയോടെ തവാം ആശുപത്രിയിലേക്കും മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
നൂതന ചികിത്സ, കാൻസർ പരിചരണം എന്നിവയിൽ പ്രത്യേക വൈദഗ്ധ്യമുള്ള 774 കിടക്കകളോടെയുള്ള രാജ്യത്തെ മൂന്നാമത്തെ വലിയ ചികിൽസാ കേന്ദ്രമാണ് തവാം ആശുപത്രി. യു.എ.ഇ യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസുമായി സഹകരിച്ച് അൽഐൻ ആശുപത്രി 402 കിടക്കകളുള്ള അക്കാദമിക് മെഡിക്കൽ സെൻററായി പ്രവർത്തിക്കുന്നു.അത്യാധുനിക നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അബൂദബിയിലെ അൽ റഹ്ബ ഹോസ്പിറ്റലിലെ ചില യൂനിറ്റുകൾ അടച്ചതായി കഴിഞ്ഞ മാസം സേഹ വെളിപ്പെടുത്തിയിരുന്നു. തലസ്ഥാനത്തെ മഫ്റഖ് മേഖലയിൽ യു.എ.ഇയിലെ ഏറ്റവും വലിയ ആശുപത്രി ശൈഖ് ശാഖ്ബൂത്ത് മെഡിക്കൽ സിറ്റി (എസ്.എസ്.എം.സി) നവംബർ ആദ്യവാരം പ്രവർത്തനമാരംഭിച്ചു. അമേരിക്കയിലെ ഒന്നാം നമ്പർ ആശുപത്രിയായ മയോ ക്ലീനിക്കും സേഹയും സംയുക്തമായാണ് മെഡിക്കൽ സിറ്റിയുടെ പ്രവർത്തനം നടത്തുന്നത്. പൂർണ നിലയിൽ പ്രവർത്തനം ആരംഭിച്ചതിനെ തുടർന്ന് അബൂദബിയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ മഫ്റഖ് ആശുപത്രിയിലെ യൂനിറ്റുകൾ ശൈഖ് ശാഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
