അൽ വസ്ൽ-അൽ മനാമ ഇന്റർസെക്ഷൻ നവീകരിച്ചു
text_fieldsനവീകരിച്ച അൽ വസ്ൽ-അൽ മനാമ ഇന്റർസെക്ഷൻ
ദുബൈ: നഗരത്തിലെ അൽ വസ്ൽ-അൽ മനാമ ഇന്റർസെക്ഷനിൽ സമഗ്ര ട്രാഫിക് നവീകരണ പ്രവൃത്തികൾ പൂർത്തിയായി. അൽ മനാമ സ്ട്രീറ്റിൽ നിന്ന് ശൈഖ് സായിദ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പുതിയ ലൈൻ, ഇതേ ഭാഗത്ത് ‘യു ടേൺ’ ലൈൻ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി നിർമിച്ചത്. നവീകരണം പൂർത്തിയായതോടെ അൽ വസ്ൽ-അൽ മനാമ ഇന്റർസെക്ഷനിൽ ലൈനുകൾ മൂന്നായി വർധിക്കുകയും റോഡിന്റെ ശേഷി 50 ശതമാനം വർധിക്കുകയും ചെയ്തിട്ടുണ്ട്.
ഗതാഗതം സുഗമമാക്കുകയും കാത്തിരിപ്പു സമയം 30 ശതമാനം കുറക്കുകയും ചെയ്യും. അതോടൊപ്പം പുതിയ ‘യു ടേൺ’ സംവിധാനമൊരുക്കിയത് കാത്തിരിപ്പ് സമയം 35 ശതമാനമായും കുറക്കും. ദുബൈയിലെ വർധിച്ചുവരുന്ന ജനസംഖ്യയും നഗരവികസനവും പരിഗണിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. ജീവിത നിലവാരം മെച്ചപ്പെടുത്തുക, താമസക്കാരുടെ മൊത്തത്തിലുള്ള സംതൃപ്തിയും ക്ഷേമവും വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആർ.ടി.എ ഈ വർഷം നടപ്പാക്കേണ്ട പദ്ധതികൾ അതിവേഗത്തിൽ പൂർത്തീകരിച്ചുവരുകയാണ്.എമിറേറ്റിലെ റോഡുകൾ വികസിപ്പിക്കുക, പ്രധാന മേഖലകളിൽ കണക്ടിവിറ്റി വർധിപ്പിക്കുക, ശൈഖ് സായിദ് റോഡിന് സമാന്തരമായ റൂട്ടുകളുടെ ഗതാഗത കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് ഇതിൽ പ്രധാനമായും ശ്രദ്ധിക്കുന്നത്. ജുമൈറ, ഉമ്മുസുഖൈം, അൽ സഫ എന്നീ മേഖലകൾ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

