സഞ്ചാരികളേ കാണാം, ദുബൈയുടെ ജന്മഗൃഹം
text_fieldsദുബൈ: ഇന്ന് ലോകത്തിന് ദുബൈ നഗരം ഒരു അൽഭുതമാണ്. ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും സഞ്ചാരികളെ മാടിവിളിക്കുന്ന വിനോദകേന്ദ്രങ്ങളും എല്ലാം നിറഞ്ഞ ആധുനിക പട്ടണം. ജീവിക്കാനും ജോലിചെയ്യാനും ലോകത്തെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി അത് വളർന്നു പന്തലിച്ചിരിക്കുന്നു. ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വളരെ പഴയതല്ലാത്ത ഒരു വീട്ടിൽ നിന്നാണ് ഈ നഗരത്തിന്‍റെ പിറവിയെന്ന് കാണാനാകും. അത് ‘ആൽ മക്തൂം’ എന്ന ദുബൈയുടെ ഭരണകുടുംബത്തിന്‍റെ വീടാണ്. ഒരു പക്ഷേ ദുബൈയുടെ തുടക്കത്തിനും വളർച്ചക്കും സാക്ഷിയായ സ്മാരകമാണത്. ചരിത്രം ഉറങ്ങിക്കിടക്കുന്ന ദുബൈയുടെ ‘ജന്മഗൃഹം’.
പാരമ്പര്യത്തെ വളരെ പവിത്രതയോടെ സംരക്ഷിക്കുന്ന സംസ്കാരത്തിന്‍റെ ഭാഗമായി ഈ വീടും ഇക്കാലംവരെ വളരെ പ്രധാന്യത്തോടെ പരിപാലിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതടങ്ങുന്ന പ്രദേശം തന്നെ വലിയ മ്യൂസിയമാക്കി പരിവർത്തിപ്പിച്ച് സഞ്ചാരികൾക്കും ചരിത്രകുതുകികൾക്കും വേണ്ടി തുറന്നിരിക്കയാണ്. ഒരു ഇടത്തരം അറേബ്യൻ നഗരം എന്നതിൽ നിന്ന് ദുബൈ എങ്ങനെ ലോകോത്തര പട്ടണമായി വികസിച്ചുവെന്ന് ഇവിടെ പഠിച്ചെടുക്കാനാകും. നഗരത്തിന്‍റെ പിറവിയും വളർച്ചയും കേന്ദ്രീകരിച്ച ‘അൽ ഷിന്ദഗ’ എന്ന സ്ഥലനാമം തന്നെയാണ് മ്യൂസിയത്തിനും നൽകപ്പെട്ടിരിക്കുന്നത്. എമിറേറ്റിന്‍റെ പൈതൃക പ്രദേശമെന്ന നിലയിയാണ് ഷിന്ദഗ അറിയപ്പെടുന്നത്.
ആൽ മക്തൂം കുടുംബം 1833ലാണിവിടെ സ്ഥിരതാമസമാക്കിയത്. പഴമയുടെ അടയാളങ്ങൾ കേടുപാടുകളില്ലാതെ സംരക്ഷിച്ചിരിക്കുന്ന ഇവിടെ പുതുതായി രൂപപ്പെടുത്തിയ മ്യൂസിയം പൊതുജനങ്ങൾക്കായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ദിവസങ്ങൾക്ക് മുമ്പ് ജനങ്ങൾക്ക് മുമ്പിൽ സമർപ്പിച്ചത്. ക്രീക്കിന്‍റെ പടിഞ്ഞാറൻ തീരത്ത് വ്യാപിച്ചുകിടക്കുന്ന 31 ഹെക്ടർ പരിസരം ഇതോടെ യു.എ.ഇയിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായി മാറിയിരിക്കയാണ്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പിതാമഹൻ ശൈഖ് സഈദ് ആൽ മക്തൂം ഭരണം നടത്തിയത് ഇവിടം ആസ്ഥാനമാക്കിയായിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ദുബൈയുടെ ചരിത്രവും പൈതൃകവും മനസിലാക്കാൻ സഹായിക്കുന്ന രൂപത്തിലാണ് കേന്ദ്രം നിർമിച്ചിട്ടുള്ളത്. നിലവിൽ തന്നെ നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദശേത്തെ 80കെട്ടിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്.
2025ൽ ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് ജനറൽ കോൺഫറൻസിന് ദുബൈ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മ്യൂസിയത്തിന്‍റെ ഉദ്ഘാടനം നടന്നിരിക്കുന്നത്. സമ്മേളനത്തിന് മുമ്പായി 10 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കാനാണ് മ്യൂസിയം പദ്ധതിയിടുന്നത്. പ്രധാന പ്രദർശനങ്ങൾ കൂടാതെ, വർക്ക്ഷോപ്പുകളും വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കാനും, സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് വേനൽക്കാലത്തും ശൈത്യകാലത്തും പ്രത്യേക സീസണൽ ക്യാമ്പിങിനും മ്യൂസിയം ഉപയോഗപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

