അൽ സഫ സ്ട്രീറ്റ് വികസന പദ്ധതി പ്രഖ്യാപിച്ചു
text_fieldsദുബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടങ്ങളിൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി അൽ സഫ സ്ട്രീറ്റ് വികസന പദ്ധതി പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ശൈഖ് സായിദ് റോഡ് മുതൽ അൽ വസൽ സ്ട്രീറ്റ് ജങ്ഷൻ വരെ 1500 മീറ്റർ നീളത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. ആകെ 3120 മീറ്റർ നീളത്തിൽ രണ്ട് പാലങ്ങളും രണ്ട് ടണലുകളും ഉൾപ്പെടുന്നതാണ് പദ്ധതി.
കൂടാതെ ഇന്റസെക്ഷനിലേക്കുള്ള ഉപരിതല റോഡുകളുടെ വീതി കൂട്ടുകയും ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്യും. ഇതോടെ അൽ സഫ സ്ട്രീറ്റിന്റെ ഇരു ദിശയിലേക്കും സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണം മണിക്കൂറിൽ 6000ത്തിൽനിന്ന് 12,000 ആയി ഉയരും. ശൈഖ് സായിദ് റോഡു മുതൽ അൽ വസൽ സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്കുള്ള യാത്ര സമയം 12 മിനിറ്റിൽനിന്ന് മൂന്ന് മിനിറ്റായി കുറയാൻ പദ്ധതി സഹായകമാവും.
ഉമ്മുസുഖൈം, അൽ വസൽ സ്ട്രീറ്റുകളുടെ വികസനം ഉൾപ്പെടുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ളതാണ് പദ്ധതി. നഗരത്തിലെ പ്രമുഖ വിനോദ, സാംസ്കാരിക, സ്പോർട്സ് ഇവന്റുകൾ നടക്കുന്ന സിറ്റി വാക്, കൊക്കക്കോള അരീന എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ വികസന പദ്ധതി സഹായകമാവുമെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. ഡൗൺടൗൺ ദുബൈ, ഫിനാൽഷ്യൽ സെന്റർ സ്ട്രീറ്റ് എന്നിവയുമായുള്ള ബന്ധം വർധിപ്പിക്കുകയും ചെയ്യും.
കാൽനട പാതകളുടെയും സൈക്ലിങ് ട്രാക്കുകളുടെയും വികസനം, സമൂഹ ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്ന നഗര ഇടങ്ങൾ എന്നിവയുൾപ്പെടെ സൗന്ദര്യാത്മകമായ ഘട്ടങ്ങൾക്ക് പദ്ധതി ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് സായിദ് റോഡ്, ഫിനാൽഷ്യൽ സെന്റർ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് നീളുന്ന അൽ വസൽ സ്ട്രീറ്റിലാണ് ആദ്യത്തെ പാലം. 1005 മീറ്റർ നീളത്തിൽ നാലുവരിയിലാണ് പാലം നിർമിക്കുക. മണിക്കൂറിൽ 6400 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഇതുവഴി സാധിക്കും.
രണ്ടാമത്തെ പാലം അൽ സത്വ റോഡിൽനിന്ന് ശൈഖ് സായിദ് റോഡ്, ഫിനാൽഷ്യൽ സെന്റർ സ്ട്രീറ്റിലേക്കാണ്. 360 മീറ്റർ നീളത്തിൽ രണ്ട് വരിയിൽ നിർമിക്കുന്ന പാലത്തിലൂടെ മണിക്കൂറിൽ 2800 വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനാവും. ശൈഖ് സായിദ് റോഡ്, ഫിനാൽഷ്യൽ സെന്റർ സ്ട്രീറ്റ് എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിനായി രണ്ട് ടണലുകളും നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

