അൽ റുവയ്യ ട്രക്ക് വിശ്രമ സ്ഥലം വിപുലീകരിച്ചു
text_fieldsദുബൈ: അൽ റുവയ്യയിൽ ട്രക്ക് വിശ്രമത്തിനായുള്ള സ്റ്റോപ്പുകളുടെ എണ്ണം വിപുലീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 40ൽ നിന്ന് സ്ലോട്ടുകളുടെ എണ്ണം 175 ആക്കിയാണ് ഉയർത്തിയത്. ഇതോടെ ഈ മേഖലയുടെ ശേഷി 338 ശതമാനം വർധിച്ചു. വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദുബൈയിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയോട് ചേർന്നു നിൽക്കുന്നതാണ് പുതിയ വികസന പ്രവർത്തനങ്ങൾ.
ഹെവി വെഹിക്കിൾ ഡ്രൈവർമാർക്കായി സമഗ്രവും സുസജ്ജവുമായ വിശ്രമ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ദുബൈയിലുടനീളം സ്ഥിതി ചെയ്യുന്ന വിശ്രമ കേന്ദ്രങ്ങളുടെ ശൃംഖലയുടെ ഭാഗമാണ് അൽ വുവെയ്യ ട്രക്ക് റെസ്റ്റ് സ്റ്റോപ്പ്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നീ ഹൈവേകൾക്ക് സമീപത്താണ് ഈ വിശ്രമ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഡ്രൈവർമാർക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാകുന്ന രീതിയിലാണ് ഇവയുടെ രൂപകൽപന.
റാസൽ ഖോർ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കും എമിറേറ്റ്സ് റോഡിൽ നിന്ന് ഷാർജയിലേക്ക് പോകുന്നവർക്കും സുഗകരമായി ഉപയോഗിക്കാൻ കഴിയുന്ന ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ട്രക്ക് വിശ്രമ കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ളതെന്ന് ആർ.ടി.എയുടെ ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖസൈമി പറഞ്ഞു. പ്രാർഥന മുറികൾ, വിശ്രമ മുറി, ഇന്ധനം നിറക്കാനുള്ള സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ, ടയർ മാറ്റാനുള്ള സൗകര്യങ്ങൾ, ട്രക്കുമായി ബന്ധപ്പെട്ട അപകടങ്ങൾ കുറക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയ ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

