അൽ മെയ്ദാൻ, അൽഖൈൽ കവലയിൽ സൗന്ദര്യവത്കരണം തുടങ്ങി
text_fieldsഅൽ മെയ്ദാൻ കവലയിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികളും മരങ്ങളും
ദുബൈ: നഗരത്തിലെ അൽ മെയ്ദാൻ, അൽ ഖൈൽ സ്ട്രീറ്റുകളുടെ തിരക്കേറിയ കവലയിൽ നഗര സൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കമിട്ട് ദുബൈ മുനിസിപ്പാലിറ്റി. എമിറേറ്റിലെ പച്ചപ്പ് വർധിപ്പിക്കാനുള്ള ‘ഗ്രീൻ ദുബൈ’ സംരംഭത്തിന്റെ ഭാഗമായ പദ്ധതിയിൽ, 302,266 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് പിങ്ക്-ചുവപ്പ് പൂക്കളും പേരുകേട്ടതുമായ ‘കൊറിസ്യ’ മരങ്ങളും നട്ടുപിടിപ്പിക്കുന്നത്. ദുബൈയിൽ ആദ്യമായാണ് കൊറിസ്യ മരങ്ങൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത്. പ്രധാന നഗര പ്രദേശങ്ങളെ ഹരിതാഭയും സുന്ദരവുമായ ഇടങ്ങളാക്കി മാറ്റാനുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതിയുടെ ഭാഗമായാണ് സംരംഭം ആരംഭിച്ചത്. സിൽക്ക് ഫ്ലോസ് ട്രീ എന്നറിയപ്പെടുന്ന കൊറിസ്യ മരം വെള്ളം സംഭരിക്കുന്ന തണ്ടും മനോഹരമായ പൂക്കളും കൊണ്ട് വ്യത്യസ്തത പുലർത്തുന്നതാണ്. നഗരക്കാഴ്ചക്ക് അനുയോജ്യമായ വൃക്ഷമെന്ന നിലയിലാണ് ഇത് തിരഞ്ഞെടുത്ത്.
കവലയെ മനോഹരമാക്കുന്നതിനൊപ്പം നഗരത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതാ ശ്രമങ്ങളുടെ ഭാഗമാകാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി കാര്യക്ഷമമായ ജല ഉപയോഗം ഉറപ്പാക്കുന്നതിനായി ഓട്ടോമേറ്റഡ് സംവിധാനങ്ങളും കാറ്റിനെ പ്രതിരോധിക്കുന്ന സ്പ്രേയിങ് ടെക്നിക്കുകളും ഉൾപ്പെടെയുള്ള നൂതനമായ ജലസേചന സംവിധാനമാണിവിടെ നടപ്പിലാക്കുന്നത്. ഇതിനായി സുസ്ഥിരമായ ഭൂഗർഭജല, മഴവെള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മണിക്കൂറിൽ 280 ക്യൂബിക് മീറ്റർ വെള്ളം പമ്പ് ചെയ്യാനാകുന്ന സ്റ്റേഷൻ, 1,000 ക്യൂബിക് മീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് എന്നിവയുമുണ്ട്. ദുബൈയുടെ പച്ചപ്പ് വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സൗന്ദര്യവത്കരണ പദ്ധതി നടപ്പിലാക്കുന്നത്. 2023ൽ മാത്രം ദുബൈ മുനിസിപ്പാലിറ്റി, 1.85 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു.
സസ്യ സൗന്ദര്യവത്കരണ പദ്ധതികൾ ഓരോ വർഷവും തുടരുകയാണെന്നും ഇതിലൂടെ മനോഹരവും സുസ്ഥിരവുമായ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുകയാണെന്നും ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. ഏറ്റവും മികച്ച അന്താരാഷ്ട്ര നിലവാരമനുസരിച്ചുള്ള പദ്ധതികൾ, ഏറ്റവും നൂതനമായ സാങ്കേതികവും സുസ്ഥിരവുമായ സംവിധാനങ്ങളോടെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

