അൽ മംസാർ കോർണിഷ് വികസനം അതിവേഗത്തിൽ
text_fieldsഅൽ മംസാർ കോർണിഷിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലിത
ദുബൈ: ലോക നിലവാരത്തിലുള്ള തീരദേശ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റാൻ ലക്ഷ്യമിട്ട് ദുബൈയിലെ അൽ മംസാർ കോർണിഷിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ 88 ശതമാനവും ഇതിനകം പൂർത്തിയായി. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗലിത പദ്ധതി സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. മുതിർന്ന ഉദ്യോഗസ്ഥർ, പ്രോജക്ട് മാനേജർമാർ, എൻജിനീയറിങ് ടീമംഗങ്ങൾ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
നിശ്ചയിച്ച സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി സന്ദർശനത്തിന് തുറന്നു നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ പൊതു ബീച്ചുകൾ പുനർനിർവചിക്കുന്നതിൽ സുപ്രധാനമായ ചുവട്വെപ്പാണ് മംസാർ കോർണിഷ് വികസന പദ്ധതിയെന്നും അഹമ്മദ് ബിൻ ഗലിത വ്യക്തമാക്കി. വാസ്തുവിദ്യ മികവ്, പരിസ്ഥിതി സംരക്ഷണം എന്നിവ സമന്വയിപ്പിച്ച ഒരു പുതു തലമുറ സംയോജിത തീരദേശ ലക്ഷ്യസ്ഥാനം താമസക്കാർക്കും സന്ദർശകർക്കും പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് രൂപകൽപന ചെയ്ത സൗകര്യങ്ങളാണ് കോർണിഷിൽ സജ്ജമാക്കുന്നത്.
സ്ത്രീകൾക്കായി പ്രത്യേക ബീച്ചുകൾ, രാത്രി നീന്തൽ സൗകര്യങ്ങൾ, സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ചുറ്റുപാടും മതിൽകെട്ടൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കൂടാതെ ആരോഗ്യ സേവന സൗകര്യങ്ങൾ, സമഗ്രമവും സംയോജിതവുമായ അടിസ്ഥാന സൗകര്യങ്ങൾ, ബീച്ചുകളുടെ മുൻവശത്തായി ഭക്ഷ്യ, പാനീയ ഔട്ട്ലറ്റുകൾ എന്നിവയും സജ്ജമാക്കും. നടത്തം, ജോഗിങ്, സൈക്ലിങ്, കുട്ടികൾക്കുള്ള കളിസ്ഥലം, ഫിറ്റ്നസ് മേഖലകൾ, ബീച്ച് കളികൾക്കായുള്ള സ്ഥലങ്ങൾ, രാത്രിയും പകലും ഇരിക്കാവുന്ന മേൽക്കൂരയോട് കൂടിയ ഇരിപ്പിടങ്ങൾ, സ്കേറ്റ് പാർക്ക് എന്നിവ ബീച്ചിന്‍റെ വിനോദ ആകർഷണങ്ങളെ കൂടുതൽ സമ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

