ഷാർജയിൽ അൽ ഇസ്തിഖ്ലാൽ സ്ക്വയർ തുറന്നു
text_fieldsപുനർനിർമാണം പൂർത്തിയായ അൽ ഇസ്തിഖ്ലാൽ സ്ക്വയർ
ഷാർജ: പുനർനിർമാണം പൂർത്തിയായ അൽ ഇസ്തിഖ്ലാൽ സ്ക്വയർ നാടിനായി തുറന്നു. എമിറേറ്റിലെ പ്രമുഖ ആകർഷണങ്ങളിൽ ഒന്നാണ് അൽ ഇസ്തിഖ്ലാൽ സ്ക്വയർ. 54ാം ദേശീയ ദിനത്തിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്ക്വയറിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. സ്വാതന്ത്ര്യത്തിന്‍റെ ചരിത്രം പറയുന്ന സ്മാരകത്തിന്‍റെ പുനർനിർമാണത്തോടൊപ്പം ചുറ്റുമുള്ള സ്ക്വയറിലേക്കും കെട്ടിടങ്ങളിലേക്കുമുള്ള നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്.
സ്ക്വയറിന്‍റെ മധ്യ ഭാഗത്തായി നിർമിച്ച 34 മീറ്റർ ഉയരമുള്ള സ്മാരക ഫലകവും ഷാർജ ഭരണാധികാരി അനാച്ഛാദനം ചെയ്തു. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് നക്ഷത്രങ്ങളാണ് സ്മാരകത്തിന്‍റെ മുകളിലായി രൂപകൽപന ചെയ്തിരിക്കുന്നത്. ഇതുവഴി പ്രദേശത്തിന്‍റെ ചരിത്രവും ദേശീയവുമായ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രമുഖ ലാൻഡ്മാർക്കായി സ്മാരകത്തെ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. നാല് ഫലകങ്ങളാണ് സ്മാരകത്തിലുള്ളത്.
ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1971 ഡിസംബർ രണ്ടിന് യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രൂപവത്കരണം, 1820 ജനുവരി എട്ടിന് ഒപ്പിട്ട കരാറോടെ ആരംഭിച്ച 151 വർഷത്തെ ബ്രിട്ടീഷ് സ്വാധീന കാലം, 1932 ജൂലൈ 22ന് ഷാർജ സിവിൽ ഏവിയേഷൻ സ്റ്റേഷൻ രൂപീകരണവും 1971ൽ ബ്രിട്ടീഷ് സൈനിക ബേസിന്‍റെ നാശവും, മുൻ കരാറുകൾക്ക് വിരുദ്ധമായി സിവിൽ എയർ സ്റ്റേഷനിൽ ബ്രിട്ടീഷ് സൈനിക താവളം സൃഷ്ടിക്കൽ തുടങ്ങിയ ചരിത്രപരമായ നാല് സംഭവങ്ങളുടെ വിവരങ്ങൾ അടങ്ങിയതാണ് നാല് സ്മാരക ഫലകങ്ങൾ.
ഉദ്ഘാടന ശേഷം ശൈഖ് സുൽത്താൻ സ്മാരക സ്തൂപം സന്ദർശിക്കുകയും മനോഹരമായ അതിന്‍റെ രൂപകൽപന വിലയിരുത്തുകയും ചെയ്തു. സ്തൂപത്തിന്‍റെ ചുറ്റുഭാഗത്തുമായി ഒരുക്കിയ പ്രകൃതിസൗന്ദര്യ നിർമാണങ്ങൾ, കാൽനട പാതകൾ, ഹരിതവത്കരണം, പുതുതായി സ്ഥാപിച്ച ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയും അദ്ദേഹം പരിശോധിച്ചു.
നഗരസൗന്ദര്യം ഉയർത്തുക, ജനജീവിതം മെച്ചപ്പെടുത്തുക, ദേശീയ അഭിമാനബോധം വളർത്തുക എന്നീ കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതാണ് അൽ ഇസ്തിഖ്ലാൽ സ്ക്വയറിന്‍റെ നവീകരണം. അതോടൊപ്പം പുനസ്ഥാപിച്ച ഇമാം അൽ നവാവി മോസ്കിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 1995ൽ നിർമിച്ച മോസ്ക് ഫാത്തിമിഡ് വാസ്തുകല ശൈലിയിലാണ് പുനർസ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

