അൽ ഹുസ്ൻ ആപ്പിൽ കോവിഡ് അപ്ഡേഷൻ അവസാനിപ്പിച്ചു
text_fieldsദുബൈ: അൽ ഹുസ്ൻ ആപ്പിൽ യു.എ.ഇ താമസക്കാരുടെ കോവിഡ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നത് അവസാനിപ്പിച്ചു. ആപ്ലിക്കേഷൻ പുതുക്കി സ്കൂൾ കുട്ടികളുടെ വാക്സിനേഷൻ റെക്കോഡുകൾ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതിന് തുടക്കമായെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് വ്യാപനഘട്ടത്തിൽ രാജ്യത്തെ താമസക്കാരുടെ കോവിഡ് സ്റ്റാറ്റസ് റെക്കോഡ് ചെയ്ത് രോഗവ്യാപനം തടയാനാണ് അൽ ഹുസ്ൻ രൂപപ്പെടുത്തിയത്. യാത്രാ സമയങ്ങളിലും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും അൽ ഹുസ്നിൽ ഗ്രീൻ മാർക്ക് മാനദണ്ഡമായിരുന്നു. കോവിഡ് സാമൂഹികമായി വെല്ലുവിളിയല്ലാത്ത സാഹചര്യത്തിലാണ് ആപ് മറ്റൊരു ഉപയോഗത്തിന് നിശ്ചയിച്ചത്.
പുതുതായി അപ്ഡേറ്റ് ചെയ്ത ആപ്പിൽ ജനനം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സമഗ്രമായ വാക്സിനേഷൻ റെക്കോഡുകളാണ് ഉൾപ്പെടുത്തുകയെന്ന് മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ പൂർത്തിയായ വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങളും എടുക്കാൻ ബാക്കിയുള്ള കുത്തിവെപ്പുകളുടെ വിവരങ്ങളും ലഭ്യമായിരിക്കും. സ്കൂൾ കുട്ടികൾക്ക് ആപ്ലിക്കേഷൻ ഭാവിയിൽ നിർബന്ധമാക്കുമെന്നും അധികൃതർ സൂചന നൽകി. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രിയും വിദ്യാഭ്യാസ-മാനവവിഭവ ശേഷി കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാന്റെ തീരുമാനമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ നന്ദ് പറഞ്ഞു. പ്രാഥമിക ഘട്ടത്തിൽ വടക്കൻ എമിറേറ്റുകളിലെ കുട്ടികൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

