അൽ ഹീറ ബീച്ചിലെത്തുന്നവർക്കായി പുതിയ കേന്ദ്രം
text_fieldsഅൽ ഹീറ ബീച്ചിൽ സഞ്ചാരികൾക്കായി ഒരുക്കിയ പുതിയ കേന്ദ്രം
ഷാർജ: അൽ ഹീറ ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾക്കായി പുതിയ ആകർഷണ കേന്ദ്രങ്ങളൊരുങ്ങി. അൽ ഫിഷ്ത് മേഖലയിലാണ് വിശാലമായ ബീച്ച് ഫ്രണ്ട് ഡസ്റ്റിനേഷൻ തുറന്നത്. ഷാർജ സർക്കാറിന്റെ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് (ശുറൂഖ്) പുതിയ കേന്ദ്രം തുറന്നത്. താമസക്കാരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് പുതിയ വികസനം. വിനോദസഞ്ചാര, ഹോസ്പിറ്റാലിറ്റി മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും തങ്ങളുടെ സംരംഭങ്ങൾ വിപുലീകരിക്കാനുള്ള അവസരവും ലഭിക്കും.
റസ്റ്റാറന്റ്, കഫേ എന്നിവ ഉൾപ്പെടുന്ന 18 വാണിജ്യ യൂനിറ്റുകൾ, പൂർണമായി സജ്ജീകരിച്ച ജിംനേഷ്യം, കലാസ്ഥാപനങ്ങൾ, പ്രഫഷനൽ സ്കേറ്റ്പാർക്ക് എന്നിവയും തുടങ്ങുന്നതായി ശുറൂഖ് അറിയിച്ചു. ഹോസ്പിറ്റാലിറ്റി, വിനോദം, കല, കായികം, പൊതുസൗകര്യങ്ങൾ തുടങ്ങി നിരവധി വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന ഈ പദ്ധതി ഷാർജയിലെ താമസക്കാർക്കും സന്ദർശകർക്കും ആസ്വദിക്കാൻ കഴിയുമെന്ന് ശുറൂഖ് ആക്ടിങ് സി.ഇ.ഒ അഹ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു. ആദ്യഘട്ടത്തിൽ പൊതുസേവന സൗകര്യങ്ങൾ, ജോഗിങ്, സൈക്കിൾ ട്രാക്കുകൾ, ഫിറ്റ്നസ് ജിം, കുട്ടികൾക്കുള്ള വിനോദ മേഖലകൾ, ടിം ഹോർട്ടൺസ് കഫേ, വെർജീനിയ ആംഗസ് സ്റ്റീക്ക്ഹൗസ്, പ്രാർഥന മുറികൾ, കായിക വിനോദങ്ങൾ തുടങ്ങിയവ ഉൾപ്പെടും. പുതുവർഷത്തോടൊപ്പം നിരവധി പുതിയ കലാസാംസ്കാരിക പ്രവർത്തനങ്ങളും കൂടുതൽ സൗകര്യങ്ങളും ഒരുക്കുമെന്നും അൽ ഖസീർ പറഞ്ഞു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് ശുറൂഖ് വികസന പദ്ധതികൾ ക്ക് തുടക്കം കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

