ഹജർ പർവതങ്ങളുടെ സംഗീതം
text_fieldsവടക്കുകിഴക്കൻ ഒമാൻ, കിഴക്കൻ യു.എ.ഇ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ അറേബ്യൻ പെനിൻസുലയിലെ ഏറ്റവും ഉയർന്ന മലനിരകളാണ് അൽ ഹജർ പർവതങ്ങൾ. അറബ് മേഖലയുടെ അരഞ്ഞാണം എന്ന അപരനാമത്തിലും ഈ പർവതം അറിയപ്പെടുന്നു. നിരവധി ഉറവകൾ ഹജറിൽ നിന്ന് പുറപ്പെട്ട് പാലരുവികളായി മാറുന്നതും അവയുടെ തീരങ്ങൾ പച്ചപ്പണിഞ്ഞ് മരുക്കാറ്റിനെ മെരുക്കി കുളിരണിയിക്കുന്നതും കാണാം.
ഹജർ എന്ന വാക്കിന് കല്ല് എന്നാണ് മലയാളം. സംഗീതങ്ങളുടെ കലവറയാണ് ശിലകൾ. ഒഴുക്കിന്റെ സംഗീതം പിറക്കുന്നത് കല്ലുകൾക്കുള്ളിൽ നിന്നാണ്. ശമാൽ എന്ന വടക്കൻ കാറ്റ് ഹജർ കടന്നുവരുമ്പോഴാണ് യു.എ.ഇ മാരികുളിരണിയുന്നത്. ഭൂമിശാസ്ത്രപരമായി, സഗ്റോസ് പർവതങ്ങളുടെ തുടർച്ചയാണ് അൽ-ഹജർ പർവതനിരകൾ. ക്രിറ്റേഷ്യസ് ചുണ്ണാമ്പുകല്ലുകളും ഒഫിയോലൈറ്റ്സും കൊണ്ട് രൂപപ്പെട്ട മലകളുടെ സമുച്ചയമെന്നാണ് പർവതം അറിയപ്പെടുന്നത്.
ജബൽ ഹജറിന്റെ വടക്കും കിഴക്കുമുള്ള താഴ്ന്ന തീരദേശ ഭൂമി ‘അൽ ബതിനാ മേഖല’ എന്നാണ് അറിയപ്പെടുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയാണ് തണുപ്പുകാലം. ഏപ്രിൽ മുതൽ സെപ്തംബർ വരെ ചൂട് കാലമാണെങ്കിലും ഇടയ്ക്കൊക്കെ മഴ പെയ്യുന്നു. ഈ മഴയാണ് ഫുജൈറ, കൽബ, ഹത്ത, ഖോർഫക്കാൻ തുടങ്ങിയ യു.എ.ഇ പ്രദേശങ്ങളുടെ കാർഷിക മേഖലക്ക് ഉണർവേകുന്നത്. നിരവധി അണക്കെട്ടുകൾ ഹജർ പർവത താഴ്വരയിൽ കാണാം.
അറേബ്യയുടെ ഭൂരിഭാഗവും താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വൈവിധ്യമാർന്ന സസ്യ-ജന്തുജാലങ്ങളുള്ളത് ഹജർ പർവ്വതമേഖലകളിലാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അനുസരിച്ച് സസ്യജന്തുജാലങ്ങൾ വ്യത്യാസപ്പെടുന്നു. 3,630 മുതൽ 8,250 അടിവരെയുള്ള മേഖലകളിൽ കാട്ടൊലിവും അത്തിവൃക്ഷങ്ങളും ഉൾപ്പെടെ ഫലവൃക്ഷങ്ങൾ കാണാം. മാതളവും ആപ്രിക്കോട്ടും പോലെയുള്ള പഴവർഗ്ഗങ്ങൾ തണുത്ത താഴ്വരകളിൽ ധാരാളമായി വളരുന്നു. ഒമാൻ ഭാഗങ്ങളിലാണ് ഇത്തരം ഫലവൃക്ഷങ്ങൾ കൂടുതലായും കാണപ്പെടുന്നത്.
തേൻ സുലഭമായി ലഭിക്കുന്ന മേഖലകൂടിയാണിത്. ഹത്തയിലെ തേനുത്സവം പ്രശസ്തമാണ്. ബദുവിയൻ രീതിയിലുള്ള നിരവധി വീടുകളും ഗുഹകളും ഇവിടെ കാണാം. മലയിലെ പാറകൾ ചിട്ടയോടെ അടുക്കിവെച്ച് നിർമിച്ച വീടുകൾക്കുള്ളിൽ വേനൽ കാലത്തും തണുപ്പ് അനുഭവപ്പെടുന്നു. ഗോത്രസംഘങ്ങൾ സഞ്ചരിച്ചുണ്ടായ വഴികളാണ് പർവതങ്ങളുടെ ആഴത്തിലുള്ള പഠനങ്ങളിലേക്കും ആധുനിക റോഡുകൾക്കും കാരണമായത്. ജന്തു-സസ്യ ജാലങ്ങളെ കുറിച്ചുള്ള അറിവുകൾ ബദുവിയൻ സംഭാവനകളാണ്.
പർവതങ്ങളുടെ താഴ്വരകളിലും തന്ത്രപ്രധാനമായ ഭാഗങ്ങളിലും നിർമിച്ച പുരാതനകോട്ടകൾക്ക് ഇന്നും ചെറുപ്പമാണ്. പരിമിതമായി കിട്ടുന്ന മഴവെള്ളം നാളേക്കായി കരുതിവെക്കുവാനും കൃഷിയിടങ്ങളിലേക്ക് കൊണ്ടുപോകാനുമായി തീർത്ത ഭൂഗർഭ പാതകൾ വിസ്മയമാണ്. തോട്ടിക്കഴുകൻ, ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ ഉൾപ്പെടെ നിരവധി പക്ഷികൾ ഇവിടെയുണ്ട്. അറേബ്യൻ വരയാട് മുതലായ സസ്തനികളും ഇവിടെ കാണപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന അറബിയൻ പുള്ളിപ്പുലിയെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.