അബൂദബിയിൽ കുട്ടികൾക്ക് കാറോട്ട മത്സര അക്കാദമി
text_fieldsഅബൂദബിയിൽ ആരംഭിച്ച കാറോട്ട മത്സര അക്കാദമിയിൽ പരിശീലകനൊപ്പം കുട്ടികൾ
അബൂദബി: കുട്ടികളെ ലക്ഷ്യമിട്ട് അബൂദബിയിൽ കാറോട്ട മത്സര അക്കാദമി തുടങ്ങുന്നു. അല്‍ ഫൊര്‍സാന്‍ ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് റിസോര്‍ട്ടാണ് കാര്‍ട്ടിങ് അക്കാദമി ആരംഭിച്ചത്.
ഘടനാപരവും പുരോഗമനപരവുമായ പാഠ്യപദ്ധതിയിലൂടെ യുവ ഡ്രൈവര്‍മാരുടെ വൈദഗ്ധ്യവും അച്ചടക്കടവും കാറോട്ട മത്സരത്തോടുള്ള അഭിനിവേശവും വികസിപ്പിച്ചെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.
കാറോട്ട മത്സരത്തിലെ അടിസ്ഥാനകാര്യങ്ങള്‍, നൂതന വിദ്യകള്‍, മത്സര തയാറെടുപ്പ് എന്നിവയില്‍ സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം, സുരക്ഷ, കായിക ക്ഷമത എന്നിവയെക്കുറിച്ചുള്ള നിര്‍ദേശം എന്നിവ അക്കാദമിയില്‍ ലഭിക്കും. ജനുവരി 14നാണ് അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനം. തുടക്കക്കാര്‍ മുതല്‍ കാറോട്ട താരങ്ങള്വരെയുള്ള മൂന്നുതലങ്ങളിലാണ് അക്കാദമിയില്‍ പരിശീലനം. തുടക്കക്കാര്‍ക്കുള്ള ലെവല്‍ എഫ്3 ജനുവരി 14നും ലെവല്‍ 2 (ഇന്റര്‍മീഡിയേറ്റ്) ജനുവരി 15നും ലെവല്‍ എഫ് 1(പ്രോ) ജനുവരി 16നുമാണ് തുടങ്ങുക.
അടിസ്ഥാന ഡ്രൈവിങ് പരിശീലനത്തിനൊപ്പം ഓഫ് ട്രാക്ക് മെക്കാനിക്കല്‍ പാഠങ്ങളും ഇവിടെനിന്ന് നല്‍കും.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അല്‍ ഫൊര്‍സാന്‍ ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് റിസോര്‍ട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
വിജയത്തിന് ആവശ്യമായ സുരക്ഷയുടെയും അച്ചടക്കത്തിന്റെയും അടിസ്ഥാന മൂല്യങ്ങള്‍ പകര്ന്നുനല്കി യുവ ഡ്രൈവര്‍മാരുടെ അറിവും വൈദഗ്ധ്യവും ട്രാക്കിലെ ആത്മവിശ്വാസവും വര്‍ധിപ്പിച്ച് അവരെ വികസിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അല്‍ ഫൊര്‍സാന്‍ ഗ്രൂപ് വൈസ് ചെയര്മാന് താരീഖ് അബ്ദുല്‍റഹീം അല്‍ ഹൊസാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

