‘അൽ ഫായ’ക്ക് യുനെസ്കോ ലോക പൈതൃക പദവി
text_fieldsഅൽ ഫായ പ്രദേശം
ഷാർജ: എമിറേറ്റിലെ പ്രധാന പുരാവസ്തു പ്രാധാന്യമുള്ള പ്രദേശമായ ‘അൽ ഫായ’ക്ക് യുനെസ്കോയുടെ ലോക പൈതൃക പദവി. പുരാവസ്തു ഗവേഷണരംഗത്തും സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന രാജ്യത്തിനും എമിറേറ്ററിനും സുപ്രധാന ആഗോള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. പട്ടികയിൽ ഇടംപിടിക്കുന്ന രാജ്യത്തെ രണ്ടാമത്തെ പ്രദേശമാണിത്. നേരത്തേ അബൂദബിയിലെ പ്രദേശം പട്ടികയിൽ ഇടംപിടിച്ചിരുന്നു. സാംസ്കാരിക രംഗത്തും വിനോദസഞ്ചാര മേഖലയിലും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടാൻ പദവി സഹായകരമാകും. മധ്യ ഷാർജയിൽ സ്ഥിതി ചെയ്യുന്ന മരുഭൂ പ്രദേശമായ ഇവിടം ലോകത്തെ ഏറ്റവും പഴക്കമേറിയ ആദ്യകാല മനുഷ്യവാസ കേന്ദ്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 2.1 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇവിടെ മനുഷ്യ സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ച പാരീസിൽ നടന്ന യുനെസ്കോയുടെ ലോക പൈതൃക കമ്മിറ്റിയുടെ 47ാമത് സെഷനിലാണ് അംഗീകാരം പ്രഖ്യാപിച്ചത്. ഈജിപ്തിലെ പിരമിഡുകൾ, ഇന്ത്യയിലെ താജ് മഹൽ, ചൈനയിലെ വൻമതിൽ എന്നിവയടക്കമുള്ള പൈതൃക സ്ഥലങ്ങൾ ഇടംപിടിച്ച പട്ടികയിലാണ് അൽ ഫായയും എത്തിച്ചേർന്നിട്ടുള്ളത്. നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം യോഗ്യതയുള്ള സാർവദേശീയമായ മൂല്യമുള്ള സ്ഥലങ്ങൾ മാത്രമാണ് പട്ടികയിൽ ഇടംപിടിക്കാറുള്ളത്. സാംസ്കാരിക പ്രധാന്യമുള്ള പൈതൃക സ്ഥലം എന്ന നിലയിലാണ് പ്രദേശം പട്ടികയിൽ ഇടംപിടിച്ചത്. സാംസ്കാരികം, പാരിസ്ഥിതികം എന്നിങ്ങനെ രണ്ടുതരത്തിലുള്ള പൈതൃക പ്രദേശങ്ങളാണ് യുനെസ്കോയുടെ അംഗീകാരത്തിൽ വരാറുള്ളത്. ലോകത്തെ വളരെ സുപ്രധാന പുരാവസ്തു കേന്ദ്രമെന്ന നിലയിൽ അൽ ഫായ, മേഖലയിലെ മനുഷ്യ സാന്നിധ്യത്തിന്റെ ഏറ്റവും പഴക്കമേറിയ സാക്ഷ്യമാണെന്ന് ഫായ പാലിയോലാൻഡ്സകേപ്പ് വേൾഡ് ഹെറിറ്റേജ് നോമിനേഷൻ അംബാസഡർ ശൈഖ ബുദൂർ അൽ ഖാസിമി പറഞ്ഞു.
കഴിഞ്ഞ 30 വർഷത്തിനിടയിൽ ഗവേഷകർ അൽ ഫായ പ്രദേശത്ത് നടത്തിയ ഖനനത്തിൽ മനുഷ്യ സാന്നിധ്യത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന 18 പാളികൾ കണ്ടെത്തിയിട്ടുണ്ട്.
ഈ കണ്ടെത്തലുകൾ പ്രദേശത്തെ മനുഷ്യന്റെ കുടിയേറ്റത്തെക്കുറിച്ച് അറിവുകൾ വർധിപ്പിച്ചിട്ടുണ്ട്. അറേബ്യൻ ഉപദ്വീപ് ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റത്തിനുള്ള ഒരു ഇടനാഴി മാത്രമാണെന്ന അനുമാനങ്ങളെ ഇത് മാറ്റിമറിക്കുന്നുണ്ട്.
സ്ഥലത്ത് കണ്ടെത്തിയ പുരാവസ്തുക്കൾ, പ്രദേശത്തിന് മാത്രമുള്ള സങ്കീർണമായ തൊഴിൽ നിലവാരത്തെ സൂചിപ്പിക്കുന്നുമുണ്ട്. പ്രദേശം 2023ൽ യുനെസ്കോയുടെ താൽക്കാലിക പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

