പാരമ്പര്യത്തനിമയുമായി അല്‍ ദഫ്റ ഫെസ്റ്റിവല്‍ 27 മുതല്‍
text_fieldsഅബൂദബി: അറബ് പാരമ്പര്യത്തനിമ വിളിച്ചോതുന്ന പരിപാടികളുമായി 19ാമത് അല്‍ ദഫ്റ ഫെസ്റ്റിവലിന് ഒക്ടോബര്‍ 27ന് തുടക്കമാവും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിനു കീഴിലാണ് മേള അരങ്ങേറുന്നത്. 2026 ജനുവരി 22 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ 17 പൈതൃക മത്സരങ്ങള്‍ക്കു പുറമേ ഒട്ടക സൗന്ദര്യ മത്സരവും നടക്കും. വിവിധ മത്സരങ്ങളിലെ ജേതാക്കള്‍ക്കായി 9.44 കോടി ദിര്‍ഹം വിലമതിക്കുന്ന 4800ലേറെ സമ്മാനങ്ങള്‍ നല്‍കും.
ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്കാരിക പരിപാടികളും പരമ്പരാഗത വിപണികളും ഉണ്ടാവും. നാലിടങ്ങളിലായി 355 റൗണ്ടുകളായാണ് ഒട്ടക സൗന്ദര്യമത്സരമുണ്ടാവുക. ഈ മത്സരങ്ങളിലെ ജേതാക്കള്‍ക്കായി 8.87 കോടി ദിര്‍ഹം വിലമതിക്കുന്ന 3370 സമ്മാനങ്ങള്‍ നല്‍കും. മജാഹിം, അസായല്‍, അസായല്‍ ഹൈബ്രിഡ്, വാദ് വിഭാഗങ്ങളിലായാണ് സമ്മാനം വിതരണം ചെയ്യുക. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ മൂന്നുവരെ നീണ്ടുനില്‍ക്കുന്ന സുവൈഹന് മസായന മത്സരത്തോടെയാണ് അല്‍ ദഫ്റ ഫെസ്റ്റിവല്‍ തുടങ്ങുന്നത്. ഇതിനുശേഷം നവംബര്‍ 15 മുതല്‍ 22 വരെ നീളുന്ന റസീന്‍ മസായന, ഡിസംബര്‍ 13 മുതല്‍ 20 വരെ നടക്കുന്ന മദീനത്ത് സായിദ് മസായന എന്നിവ നടക്കും. 2026 ജനുവരി മൂന്ന് മുതല്‍ 22 വരെയാണ് അല്‍ ദഫ്റ ഫെസ്റ്റിവല്‍ ‘മസായന’ എന്ന പേരില്‍ ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക.
ഫെസ്റ്റിവലിനോടനുബന്ധിച്ച പൈതൃക മത്സരങ്ങളിൽ 56 ലക്ഷം ദിര്‍ഹമിലേറെ വിലമതിക്കുന്ന 1520 സമ്മാനങ്ങളാണ് നല്‍കുക. ഫാല്കണ്റി, ഫാല്‍കണ്‍ ബ്യൂട്ടി, അറേബ്യന്‍ സലൂകി ബ്യൂട്ടി ആന്‍ഡ് റേസിങ്, അറേബ്യന്‍ ഒട്ടക ഓട്ടമത്സരം, അല്‍ ദഫ്റ അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം തുടങ്ങിയവയാണ് പൈതൃക മത്സര വിഭാഗത്തില്‍ നടക്കുക. നഈം ആട് സൗന്ദര്യ മത്സരം, ഈത്തപ്പഴം പാക്കിങ്, ഷൂട്ടിങ്, പാചകം, മികച്ച പരമ്പരാഗത വസ്ത്രം, കുട്ടികളുടെ മത്സരങ്ങള്‍, പൈതൃക കവിതാപാരായണ മത്സരം, ചായ നിര്‍മാണ മത്സരം തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

