അൽദൈദ് ഹണി ഫെസ്റ്റിവലിന് തുടക്കം
text_fieldsഎക്സ്പോ അൽദൈദിൽ ആരംഭിച്ച ഹണി ഫെസ്റ്റിവൽ സന്ദർശിക്കുന്ന ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അധികൃതർ
ഷാർജ: യു.എ.ഇയിലെ പ്രാദേശിക കർഷകർ ഉൽപാദിപ്പിക്കുന്ന ശുദ്ധമായ തേനും തേനുൽപന്നങ്ങളും പ്രദർശിപ്പിക്കുന്ന അൽദൈദ് ഹണി ഫെസ്റ്റിവലിന് എക്സ്പോ അൽദൈദിൽ തുടക്കമായി. പരമ്പരാഗതമായി തേനുൽപാദിപ്പിക്കുന്ന തേനീച്ചക്കർഷകരെ കാണാനും പരിചയപ്പെടാനും തേനുകൾ രുചിച്ചുനോക്കാനുമുള്ള സുവർണാവസരമാണ് അൽദൈദ് ഹണി ഫെസ്റ്റിവൽ.
ഔഷധ ഗുണമുള്ള അപൂർവയിനം തേൻ വകഭേദങ്ങൾ ഇത്തവണ പ്രദർശനത്തിനുണ്ട്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന അൽദൈദ് ഹണി ഫെസ്റ്റിവൽ തേൻ ഇഷ്ടപ്പെടുന്നവരെ തേൻ ഉൽപാദകരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഏറ്റവും മികച്ച വേദിയാണ്. മായം ചേർക്കാത്ത ശുദ്ധമായ തേൻ വാങ്ങാനും അതിന് പിന്നിലെ കഥകൾ അറിയാനുമുള്ള അവസരവും ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്. ഇത്തവണ 70ലധികം പ്രദർശകരാണ് ഫെസ്റ്റിവലിൽ വിവിധ തേൻ ഉൽപന്നങ്ങളുമായി എത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷത്തേക്കാളും പ്രദർശകരുടെ എണ്ണത്തിൽ വർധനയുണ്ട്. വ്യാഴാഴ്ച വൈകീട്ട് 4.30ന് ഫെസ്റ്റിവലിന് ഔദ്യോഗിക തുടക്കമായി. ‘മികച്ച സിദ്ർ ഹണി’ മത്സര വിജയികളെ പരിപാടിയിൽ പ്രഖ്യാപിച്ചു. ഡിസംബർ ആറ് വെള്ളിയാഴ്ച ‘ബെസ്റ്റ് ഹണികോംബ്’ മത്സരവിജയികളെ പ്രഖ്യാപിക്കും. ഡിസംബർ ഏഴ് ശനിയാഴ്ച ബെസ്റ്റ് സമർ ഹണി മത്സര വിജയികളെ പ്രഖ്യാപിക്കുന്നതോടെ ഫെസ്റ്റിവലിന് സമാപനമാകും. തേനീച്ചക്കർഷകർക്കും സന്ദർശകർക്കുമായി വർക്ക്ഷോപ്പുകളും വിവിധ ബോധവത്കരണ ക്ലാസുകളും ഫെസ്റ്റിവലിൽ സംഘടിപ്പിക്കും. തേനീച്ച വളർത്തലും തേനുൽപാദവും പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തേനീച്ച വളർത്തുന്നതിനും തേനുൽപാദിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും സന്ദർശകർക്ക് പ്രദർശനത്തിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

