അൽ ബർഷ തീപിടിത്തം: സിവിൽ ഡിഫൻസിനെ അഭിനന്ദിച്ച് ശൈഖ് ഹംദാൻ
text_fieldsശൈഖ് ഹംദാൻ അൽ ബർഷ തീപിടിത്തം അണയ്ക്കാൻ ഉപയോഗിച്ച ശഹീൻ ഡ്രോണിന് സമീപം
ദുബൈ: നഗരത്തിലെ അൽ ബർഷയിലുണ്ടായ തീപിടുത്തതിൽ മികവുറ്റ രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയ ദുബൈ സിവിൽ ഡിഫൻസ് ടീമംഗങ്ങളെ അഭിനന്ദിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
സിവിൽ ഡിഫൻസ് സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയാണ് ഖൈ് ഹംദാൻ അഭിനന്ദനം അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2ഓടെയാണ് താമസ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. സംഭവം റിപ്പോർട്ട് ചെയ്ത് 6 മിനിറ്റിനകം സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് അതിവേഗത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തീയണക്കുകയും ചെയ്തിരുന്നു.
തീയണക്കുന്നതിന് അത്യധുനിക ‘ശഹീൻ’ ഡ്രോണും ഉപയോഗിച്ചിരുന്നു. 200 മീറ്റർ ഉയരത്തിലുള്ള കെട്ടിടങ്ങളിൽ വരെ തീയണക്കാൻ സഹായിക്കുന്ന ഡ്രോണിന് 1200 ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ടാങ്കാണുള്ളത്. സംഭവത്തിൽ ആർക്കും പരിക്കേൽകാതെ സിവിൽ ഡിഫൻസ് സ്ഥലത്തെ മുഴുവൻ താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ശൈഖ് ഹംദാൻ ദുബൈ സിവിൽ ഡിഫൻസ് ആസ്ഥാനം സന്ദർശിച്ച് വിവിധ നൂതന സംവിധാനങ്ങൾ നേരിട്ട് നിരീക്ഷിച്ചിരുന്നു. ഉയർന്ന കെട്ടിടങ്ങളിലെ തീയണക്കാൻ സഹായിക്കുന്ന ശഹീൻ ഡ്രോണിന് പുറമെ, തീയണക്കാൻ സഹായിക്കുന്ന എ.ഐ റോബോട്ട്, 400 കി.ഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള റോബാട്ടിക് കൈ എന്നിവയും സന്ദർശനത്തിൽ ശൈഖ് ഹംദാൻ പരിശോധിച്ചിരുന്നു.
സിവിൽ ഡിഫൻസ് ദുബൈയെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാക്കിയെന്ന് ശൈഖ് ഹംദാൻ പ്രശംസിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അൽ ബർഷ തീപിടുത്തത്തിൽ അസാധാരണമായ മികവ് സിവിൽ ഡിഫൻസ് പ്രകടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

