Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രാസൗകര്യം...

യാത്രാസൗകര്യം എളുപ്പമാക്കാൻ അൽ ഐൻ; നഖ്ഫ പർവതത്തിൽ പുതിയ തുരങ്കപ്പാത വരുന്നു

text_fields
bookmark_border
യാത്രാസൗകര്യം എളുപ്പമാക്കാൻ അൽ ഐൻ; നഖ്ഫ പർവതത്തിൽ പുതിയ തുരങ്കപ്പാത വരുന്നു
cancel
camera_alt

നഖ്ഫ പര്‍വതം തുരന്ന് നിര്‍മിക്കുന്ന പുതിയ ഇരട്ടപ്പാതയും തുരങ്കവും

അല്‍ ഐന്‍: അല്‍ ഐനിലെ ജനവാസ മേഖലകളും വ്യവസായ കേന്ദ്രങ്ങളും തമ്മിലുള്ള യാത്രാസമയം കുറക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി 29.1 കോടി ദിര്‍ഹം ചെലവില്‍ വന്‍കിട റോഡ് തുരങ്ക നിര്‍മാണ പദ്ധതിക്ക് അബൂദബിയില്‍ തുടക്കമായി. നഖ്ഫ പര്‍വതം തുരന്നാണ് അത്യാധുനിക രീതിയിലുള്ള ഈ പാത നിര്‍മിക്കുന്നത്. അല്‍ സറൂജ്, വ്യവസായ മേഖല എന്നിവ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി അബൂദബി മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പാണ് (ഡി.എം.ടി) പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2027 ജൂണോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഇരുവശങ്ങളിലേക്കുമായി 3.2 കിലോമീറ്റര്‍ നീളമുള്ള പുതിയ ഇരട്ടപ്പാതയാണ് നിര്‍മിക്കുന്നത്. വ്യവസായ മേഖലയിലെ അല്‍ മസൂദ് ജങ്ഷനെ അല്‍ സറൂജ് ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലെ ഫാല്‍ക്കണ്‍ റൗണ്ട് എബൗട്ടില്‍ പുതുതായി സ്ഥാപിക്കുന്ന സിഗ്‌നല്‍ ജങ്ഷനുമായാണ് ഈ പാത ബന്ധിപ്പിക്കുക. നഖ്ഫ പര്‍വതത്തിലൂടെ കടന്നുപോകുന്ന 120 മീറ്റര്‍ നീളമുള്ള അത്യാധുനിക തുരങ്കമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇത് ഇരു പ്രദേശങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ളതും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കും. യാത്രാസമയത്തില്‍ വന്‍ കുറവ് വരുത്തുകയും ചെയ്യും. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത സാഹചര്യം ഒരുക്കുന്നതിനുമുള്ള ഡി.എം.ടിയുടെ സുപ്രധാന പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.

പുതിയ റോഡിനും തുരങ്കത്തിനും പുറമെ പ്രധാന ജങ്ഷനുകള്‍, കനത്ത മഴവെള്ളപ്പാച്ചില്‍ തടയുന്നതിനുള്ള ബോക്‌സ് കല്‍വര്‍ട്ടുകള്‍, വിപുലമായ യൂട്ടിലിറ്റി സംവിധാനങ്ങള്‍ എന്നിവയും പദ്ധതിയിലുള്‍പ്പെടുന്നു. പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി പാതയോരത്ത് 5.2 കിലോമീറ്റര്‍ നീളത്തില്‍ സൈക്ലിങ് ട്രാക്കും ആറു കിലോമീറ്റര്‍ നീളത്തില്‍ കാല്‍നടപ്പാതയും നിര്‍മിക്കും. സുരക്ഷ ഉറപ്പാക്കാന്‍ തെരുവ് വിളക്കുകള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവയുമുണ്ടാകും. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ആറ് ബസ് ബേകളും പാതയുടെ ഭംഗി കൂട്ടുന്നതിനും പച്ചപ്പ് നിലനിര്‍ത്തുന്നതിനുമായി ഇരുവശങ്ങളിലും അഞ്ഞൂറോളം മരങ്ങളും നട്ടുപിടിപ്പിക്കും. സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള അബൂദബിയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നതെന്ന് ഡി.എം.ടി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tunneltravelsAl AingulfUAE
News Summary - Al Ain to ease travel; New tunnel coming to Naqfa Mountain
Next Story