അൽ ഐൻ മലയാളി സമാജം 'ഉത്സവം 2022' മേയ് 28ന്
text_fieldsഅൽ ഐൻ മലയാളി സമാജം ഭാരവാഹികളും ലുലു ഗ്രൂപ് അൽ ഐൻ പ്രതിനിധികളും
സംഘടിപ്പിച്ച വാർത്തസമ്മേളനം
അൽഐൻ: എട്ടുവർഷമായി അൽഐൻ മലയാളി സമാജം സംഘടിപ്പിക്കുന്ന 'ഉത്സവം 2022' മേഗാ കലാപരിപാടി മേയ് 28ന് ലുലു അൽ ഫോഹ മാളിൽ നടക്കുമെന്ന് അൽ ഐൻ മലയാളി സമാജം ഭാരവാഹികളും ലുലു ഗ്രൂപ് അൽ ഐൻ പ്രതിനിധികളും വാർത്തസമ്മേളനത്തിൽ അറിയിച്ചു. അറിവും സംഗീതവും നൃത്തവും കോർത്തിണക്കി നടത്തുന്ന മെഗാഷോ 'മൈൻഡ് ആൻഡ് മ്യൂസിക്'എന്ന പേരിൽ ആസ്വാദകർക്കുമുന്നിലെത്തും.
ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്, യുംന അജിൻ, യൂസുഫ് കാരക്കാട് തുടങ്ങിയവർ നയിക്കുന്ന രണ്ടര മണിക്കുർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ അൽ ഐനിലെ 40 ഓളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. 'മൈൻഡ് ആൻഡ് മ്യൂസിക്' ഷോ ആസ്വദകർക്ക് പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക. ഉത്സവത്തിന്റെ ഭാഗമായി അൽ ഐൻ അൽഫോഹ മാൾ ലുലു വിൽ മേയ് 25 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന മെഗാ സെയിലും ഉണ്ടാകും.
ലുലു അൽ ഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജനൽ മാനേജർ പി. ഉണ്ണികൃഷ്ണൻ, പബ്ലിക് റിലേഷൻ മാനേജർ ഉമ്മർ, അൽ ഫോഹ മാൾ ജനറൽ മാനേജർ അരവിന്ദ് രവി, ലോക കേരള സഭ അംഗം ഇ.കെ. സലാം, മലയാളി സമാജം പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി, സെക്രട്ടറി വിനോദ് ബാലകൃഷ്ണൻ, കലാവിഭാഗം സെക്രട്ടറി ബൈജു പട്ടാലി, ജയൻ ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു.

