അല്‍ ഐന്‍ എയര്‍പോര്‍ട്ട് ഇനി ‘തഹ്നൂന്‍ അന്താരാഷ്ട്ര വിമാനത്താവളം’
text_fieldsഅല്‍ ഐന്‍: അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പേര് ‘തഹ്നൂന്‍ അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് പുനര്‍നാമകരണം ചെയ്ത് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഉത്തരവ് നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിനായി പതിറ്റാണ്ടുകളോളം സേവനം അനുഷ്ഠിച്ച അന്തരിച്ച ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാനുള്ള ആദര സൂചകമായാണ് വിമാനത്താവളത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കിയത്. 1971ല്‍ യു.എ.ഇ രൂപീകൃതമായത് മുതല്‍ 2024ല്‍ അന്തരിക്കുന്നത് വരെ അബൂദബി ഈസ്റ്റേണ്‍ റീജ്യനിലെ ഭരണാധികാരിയുടെ പ്രതിനിധിയായി ശൈഖ് തഹ്നൂന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അബൂദബി എമിറേറ്റിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ തഹ്നൂന്‍ അന്താരാഷ്ട്ര വിമാനത്താവളം അല്‍ ഐന്‍ നഗരത്തില്‍നിന്ന് ഏകദേശം 18 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ രണ്ട് എയര്‍ലൈനുകളാണ് ഇവിടെനിന്ന് സര്‍വീസ് നടത്തുന്നത്. വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് അല്‍ ഐന്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.
ഇസ്ലാമാബാദില്‍ നിന്നുള്ള പാകിസ്താന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സിന്‍റെ പി.കെ144, കോഴിക്കോട്ട് നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഐ.എക്‌സ് 336 എന്നിവയാണ് ഇവിടെ എത്തുന്ന പ്രധാന സര്‍വീസുകള്‍. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍റെ ആദരാർഥം അബൂദബിയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പേര് ‘സായിദ് അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് മാറ്റിയതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ അല്‍ ഐന്‍ വിമാനത്താവളത്തിന്‍റെയും പേര് മാറ്റുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

