അക്ഷര സുൽത്താൻ പോർച്ചുഗീസ് ലൈബ്രറികൾ സന്ദർശിച്ചു
text_fieldsഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി പോർച്ചുഗൽ ഒപോർട്ടോ നഗരത്തിലെ നിരവധി ലൈബ്രറികൾ സന്ദർശിച്ചു. സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു അക്ഷരങ്ങളുടെ സുൽത്താൻ. 1883ൽ സ്ഥാപിതമായ ഒപോർട്ടോയിലെ വായനശാലകൾ സാംസ്കാരിക, അക്കാദമിക്, ശാസ്ത്രീയ ലക്ഷ്യങ്ങളുടെ കലവറയാണ്. സമുദ്ര യാത്രകൾക്ക് പൗരാണിക കാലത്ത് തന്നെ ആധുനികമാനങ്ങൾ നൽകിയ, യു.എ.ഇയുടെ സമുദ്ര പര്യവേഷകൻ അഹമ്മദ് ബിൻ മാജിദിനെ കുറിച്ച് ലോകം പറഞ്ഞ് പരത്തിയ നുണകൾ പൊളിച്ചടുക്കാൻ ശൈഖ് സുൽത്താൻ 2000ൽ ഇവിടെ സന്ദർശനം നടത്തുകയും പുസ്തകം രചിക്കുകയും ചെയ്തിരുന്നു.
ചരിത്രപരമായ പരാമർശങ്ങളും കയ്യെഴുത്തുപ്രതികളും ശ്രദ്ധാപൂർവം വായിച്ചുകൊണ്ട് വസ്തുതകൾ അന്വേഷിച്ച് കണ്ടെത്താനും, സത്യസന്ധതയോടും വിശ്വസ്തതയോടും കൂടി ചരിത്രം പറയാനും ചരിത്രകാരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും പഴക്കമേറിയ പോർച്ചുഗീസ് ലൈബ്രറികളിലൊന്നാണ് പോർട്ടോ മുനിസിപ്പൽ ലൈബ്രറി. ഇതിൽ 1.5 ദശലക്ഷത്തിലധികം പ്രമാണങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ കൈയെഴുത്ത് പ്രതികൾ, ഐക്കണുകൾ, മാപ്പുകൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കുന്നു. 1881 ൽ സ്ഥാപിതമായ ലെല്ലോ ബുക്ക്സ്റ്റോറിലും സുൽത്താൻ സന്ദർശനം നടത്തി. പോർച്ചുഗലിലെ യു.എ.ഇ അംബാസഡർ മൂസ അബ്ദുൽ വാഹിദ് ആൽ ഖാജ, ഷാർജ റിസർച്ച് അക്കാദമി ഡയറക്ടർ ഡോ. അമർ അബ്ദുൽ ഹമീദ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.