എ.കെ.എം.ജി ‘ബീറ്റ് ദ ഹീറ്റ്’ കാമ്പയിൻ ആരംഭിക്കുന്നു
text_fieldsദുബൈ: ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്സ് (എ.കെ.എം.ജി എമിറേറ്റ്സ്) ‘ബീറ്റ് ദ ഹീറ്റ് - ഹീറ്റ് സ്ട്രോക്ക്’ അവബോധ കാമ്പയിൻ ആരംഭിക്കുന്നു. ജൂൺ 15ന് ഞായറാഴ്ച ദുബൈ പ്രോസ്സ്കേപ് എൽ.എൽ.സി ഡി.ഐ.പി ലേബർ ക്യാമ്പിൽ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസൽ പബിത്ര കുമാർ മജുംദാർ കാമ്പയിൻ ഉദ്ഘാടനംചെയ്യും.
തുറന്ന ഇടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളിൽ ഹീറ്റ്സ്ട്രോക്ക് പോലുള്ള വേനൽകാല അസുഖങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുക, ഇത് തടയാനുള്ള മാർഗങ്ങളും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം. അടുത്ത 15 ആഴ്ചകളിലായി യു.എ.ഇയിലെ വിവിധ ലേബർ ക്യാമ്പുകളും ജോലി സ്ഥലങ്ങളുമാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്.
2003ൽ സ്ഥാപിതമായതു മുതൽ സമൂഹത്തിന്റെ ആരോഗ്യ ആവശ്യങ്ങൾ പരിഗണിച്ച് എ.കെ.എം.ജി പ്രവർത്തിക്കുന്നുണ്ടെന്നും കാമ്പയിനിന് കോൺസുലേറ്റിന്റെ പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും എ.കെ.എം.ജി എമിറേറ്റ്സ് പ്രസിഡന്റ് ഡോ. സുഗു മലയിൽ കോശി പറഞ്ഞു.
കാമ്പയിനിന്റെ ഭാഗമായി ഹീറ്റ്സേഫ്റ്റിയെക്കുറിച്ച് പ്രഭാഷണങ്ങൾ, അവബോധ പത്രികകളുടെ വിതരണം, വിവിധ വിദഗ്ധ വിഭാഗങ്ങളിലെ ഡോക്ടർമാരുമായി തൊഴിലാളികൾക്ക് സംവദിക്കാനുള്ള അപൂർവ അവസരം എന്നിവയും ഒരുക്കും. യു.എ.ഇയുടെ സാമൂഹിക വർഷാചരണവുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും കരുതലുമുള്ള ഒരു സമൂഹം നിർമിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് കാമ്പയിൻ ചീഫ് ഓർഗനൈസർ ഡോ. നിത സലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

