ദുബൈയെ ആവേശത്തിലാഴ്ത്തി അക്കാഫ് അസോസിയേഷൻ ഓണം
text_fieldsദുബൈ: കേരളത്തിലെ ഓണപ്പൊലിമയെ വെല്ലുള്ള ആഘോഷക്കാഴ്ചകളുടെ ഓളം സൃഷ്ടിച്ച് ദുബൈക്ക് ആവേശമായി ‘പൊന്നോണക്കാഴ്ച ’26’. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകവും ഓണത്തനിമയും പ്രവാസമണ്ണിൽ പുനരാവിഷ്കരിച്ച് അക്കാഫ് അസോസിയേഷന്‍റെ 28-ാമത് ഓണാഘോഷമായ പൊന്നോണക്കാഴ്ച ’26 ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ പ്രൗഢഗംഭീരമായി അരങ്ങേറി. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഓണാഘോഷത്തിനാണ് ഞായറാഴ്ച വേൾഡ് ട്രേഡ് സെന്‍റർ സാക്ഷ്യം വഹിച്ചത്.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള കോളജ് അലുമ്നി കൂട്ടായ്മകൾ അണിനിരന്ന് പ്രവാസമണ്ണിൽ മലയാളത്തിന്‍റെ മഹോത്സവത്തെ തനിമയോടെ ആവിഷ്കരിക്കുകയായിരുന്നു അക്കാഫ് അസോസിയേഷൻ. പതിനായിരത്തിലധികം പേരാണ് പൊന്നോണക്കാഴ്‌ച നേരിൽ കണ്ടാസ്വദിക്കാൻ സബീൽ ഹാളിലേക്ക് ഒഴുകിയെത്തിയത്. മസാല കോഫി ബാൻഡിന്‍റെ സംഗീത നിശ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ദുബൈ വേൾഡ് ട്രേഡ് സെന്‍ററിനെ കൊച്ചു കേരളമാക്കി രാവിലെ മുതൽ ജനം ഒഴുകിയെത്തി. പുരുഷകേസരി, മലയാളിമങ്ക, സിനിമാറ്റിക് ഡാൻസ്, അത്തപ്പൂക്കളം, പായസം മത്സരം, ഘോഷയാത്ര, നാടൻ പാട്ട്, പെയിന്‍റിങ്, പെൻസിൽ ഡ്രോയിങ്, നാടൻ കായിക മത്സരങ്ങൾ കിഡ്സ് ഫാഷൻ ഷോ എന്നിവയിൽ ആവേശത്തോടെയാണ് വിവിധ കോളജുകളെ പ്രതിനിധീകരിച്ച് മത്സരാർഥികൾ പങ്കെടുത്തത്.
രാവിലെ അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് നിലവിളക്ക് കൊളുത്തിയതൊടെ പൊന്നോണകാഴ്ചയുടെ തിരശീല ഉയർന്നു. ആനയും പഞ്ചവാദ്യവും പുലിക്കളിയും ചെണ്ടമേളവും തിരുവാതിരയുമെല്ലാം ആഘോഷത്തിന് കൊഴുപ്പേകി.
മലയാളി മങ്ക മത്സര ത്തിൽ പങ്കെടുത്തവർക്ക് മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു പ്രൗഡ്ഢ ഗംഭീരമായ ട്രേഡ് സെന്‍ററിലെ മത്സരവേദി. റാംപിൽ ചുവട് വെക്കാൻ പ്രാഥമിക ഘട്ടത്തിൽ നിന്നും ഫൈനൽ റൗണ്ടിലെത്തിയ 12 മത്സരാർഥികൾ ഉണ്ടായിരുന്നു. മലയാളി മങ്ക മത്സരത്തിന്‍റേത് പോലെ വീറും വാശിയും നിറഞ്ഞതായിരുന്നു പുരുഷ കേസരി മത്സരവും. സുന്ദരന്മാർ സിക്സ് പാക്കും ചടുല നടനവുമായി റാംപിൽ മസിൽ പെരുപ്പിച്ചെത്തിയപ്പോൾ കാണികൾ നിറഞ്ഞ കൈയടികളോടെ വരവേറ്റു.
സിനിമാറ്റിക് ഡാൻസ് മത്സരം നടന്നപ്പോൾ സർവകലാശാല കലോത്സവത്തിലെ വീറും വാശിയും പ്രകടമായി. എല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം. നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്ത പെയിന്‍റിങ് ആൻഡ് ഡ്രോയിങ് മത്സരത്തിൽ കുഞ്ഞിക്കൈകൾ വർണഭാവനകൾ കൊണ്ട് കണ്ടുനിന്നവരെ വിസ്മയിപ്പിച്ചു. കലയും കളറും മേളിച്ച പൂക്കളമത്സരത്തിൽ ഒന്നിനൊന്ന് മെച്ചമായ മനോഹരമായ പൂക്കളങ്ങൾ നിരന്നപ്പോൾ പൂച്ചിത്രങ്ങളുടെ ചേതോഹര കാൻവാസായി വേൾഡ് ട്രേഡ് സെന്‍റർ മാറി.
ഏകദേശം പതിനായിരം പേരാണ് മുപ്പതോളം വിഭവങ്ങളുമായി തൂശനിലയിൽ വിളമ്പിയ ഓണസദ്യ കഴിച്ചത്. രാവിലെ 11 മണിക്ക് തുടങ്ങിയ ഓണസദ്യ വൈകുന്നേരം മൂന്നുമണിവരെ തുടർന്നു. തിരക്കും വലിയ ക്യൂവുമൊന്നുമില്ലാതെ ആയിരങ്ങളെ വിരുന്നൂട്ടിയ സംഘാടനം പ്രശംസനീയമായിരുന്നു.
കേരളത്തിന്‍റെ തനതു നാടൻ കളികൾ വേദിയുടെ മറ്റൊരു വശത്ത് അരങ്ങേറിയപ്പോൾ നിരവധിപേരാണ് അതിൽ പങ്കെടുക്കാനെത്തിയത്. ഓണക്കാലത്തെ നാടൻ കളികളായ ഉറിയടിയും തലയിണയടിയും പഞ്ചഗുസ്തിയും മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് ആവേശഭരിതമായി മാറി. 15 മീറ്ററോളം നീളമുള്ള ഭീമൻ ഓണ ഊഞ്ഞാലായിരുന്നു ആഘോഷവേദിയിലെ മറ്റൊരു ആകർഷണം. പൊന്നോണക്കാഴ്ച 2026 നോട് അനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്തു.
വേൾഡ് ട്രേഡ് സെന്‍റർ സബീൽ ഹാൾ കേരളത്തിലെ കലാലയങ്ങളുടെ ഇന്‍റർസോൺ കലോത്സവ വേദിയാകുകയായിരുന്നു ഞായറാഴ്ച. കോളജ് കാമ്പസ് വിട്ടിട്ടും പഴയ ഓർമകളുടെ തീരത്തണഞ്ഞ പോലെയായിരുന്നു അവിടെ എത്തിയ എല്ലാവരും. സർവകലാശാല തലത്തിലെ യുവജനോത്സവങ്ങളുടെ ഓർമ പുതുക്കലായി മാറി അക്കാഫ് അസോസിയേഷന്‍റെ പൊന്നോണക്കാഴ്ച.
പായസം കൊണ്ടൊരു മേളം!
ദുബൈ: അക്കാഫ് അസോസിയേഷന്‍റെ പൊന്നോണക്കാഴ്ചയിലെ വേറിട്ട ഒന്നായിരുന്നു പായസ മത്സരം. വൈവിധ്യങ്ങളുടെ മധുരരുചികളാൽ അമ്പരപ്പിച്ച പായസക്കൂട്ടുകളായിരുന്നു വാശിയും രുചിയുമേറിയ മത്സരത്തിന്‍റെ ശ്രദ്ധാകേന്ദ്രം. ‘മരുഭൂമി മധുരം’ മുതൽ ‘നെല്ലിക്ക മുത്തുമണി തിന’ വരെ ഒന്നിനൊന്ന് വിസമയിപ്പിച്ച രുചികളും കൂട്ടുകളുമായി മത്സരം കൊഴുത്തു.
മിക്സഡ് ഫ്രൂട്ട്, മരുഭൂമി മധുരം- ഡേറ്റ്സ്-സുക്കിനി, പാൽപ്പായസം, ഹരിത കൂട്ട് കറി പ്രഥമൻ, പാവക്ക പായസം, അടപ്രഥമൻ, ഇഞ്ചിപ്പുളി, മുളയരി, കുഞ്ഞുള്ളി പായസം, പദ്മരത്ന പായസം, ഞവര നെയ്ക്കെട്ട് പായസം, പച്ചമുളക്-ഇളനീർ പായസം, മധുര സദ്യ പായസം, നെല്ലിക്ക മുത്തുമണി തിന, കാരറ്റ്, അവിയൽ, അലോവേര, ബ്ലാക്ക് റൈസ്-കരിപ്പട്ടി, ഇളനീർ-ഗോതമ്പ് എന്നിങ്ങനെ പുതുപുത്തൻ വെറൈറ്റികളുമായാണ് ഇക്കുറി പായസ മത്സരം വൈവിധ്യമാർന്ന രുചികളുടെ ആഘോഷമൊരുക്കിയത്.
ആദരം, അമ്മമാർക്ക്
ദുബൈ: അക്കാഫിന്‍റെ 28 -ാമത് ഓണാഘോഷത്തോടനുബന്ധിച്ച് ഇത്തവണ ഈ മാതൃവന്ദനത്തിൽ പങ്കെടുക്കുവാൻ ദുബൈയിലെത്തിയ 28 അമ്മമാരെ ചടങ്ങിൽ ആദരിച്ചു. തുടർച്ചയായി ഇത് നാലാം വർഷമാണ് അക്കാഫിന്‍റെ അമ്മയോണത്തിൽ നാട്ടിൽ നിന്നുള്ള അമ്മമാർ പങ്കെടുക്കുന്നത്.
ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ ഇ വിഷ്ണു വർധൻ റെഡ്ഡി ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡർ ഡോ. വേണു രാജമണി, ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും ദുരന്തനിവാരണ വിദഗ്ദ്ധനുമായ മുരളി തുമ്മാരുകുടി, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, പൊന്നോണക്കാഴ്ച ജനറൽ കൺവീനർ സാനു മാത്യു, ഡയറക്ടർ ബോർഡ് മെമ്പർമാരായ ആർ. സുനിൽ കുമാർ, വിൻസന്‍റ് വലിയവീട്ടിൽ, ഗിരീഷ് മേനോൻ, സി.എൽ. മുനീർ, പെട്രോടെക് മാനേജിങ് ഡയറക്ടർ തോമസ് സി. ഫിലിപ്പ്, ഡ്യൂട്ടി ഫ്രീ വൈസ് പ്രസിഡന്‍റ് മുഹമ്മദ് റഫീഖ്, പൊന്നോണക്കാഴ്ച ജോ. ജനറൽ കൺവീനർമാരായ അനിൽ നായർ, ബീന ശശിശങ്കർ, ലക്ഷ്മി ഷിബു, സത്യജിത് വാസുദേവ്, ജയകൃഷ്ണൻ രാധാകൃഷ്ണൻ, അമീർ സിറാജ് എന്നിവർ സംസാരിച്ചു.
സാഘോഷം ഘോഷയാത്ര..
ദുബൈ: പൊന്നോണക്കാഴ്ചയെ ആവേശത്തിലാഴ്ത്തിയായിരുന്നു കോളജുകളുടെ ഘോഷയാത്ര. വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന മത്സരത്തിൽ 40 കോളജുകളാണ് മാറ്റുരച്ചത്. ഒന്നിനൊന്ന് മികച്ച, വിധികർത്താക്കളെപോലും കുഴപ്പിച്ചുകൊണ്ടുള്ള കോളജുകളുടെ പ്രകടനം ട്രേഡ് സെന്‍ററിനെ പ്രകമ്പനം കൊള്ളിച്ചു.
പോയകാലങ്ങളിലെ കാമ്പസുകളുടെ പരിച്ഛേദമായ ഘോഷയാത്രയിൽ കൊമ്പും കുഴൽവിളികളും യഥാർഥ ആനയുടെ വലിപ്പത്തിലുള്ള റോബോട്ടിക് ആനകളുമായാണ് മിക്ക കോളജുകളും അണിനിരന്നത്. മണ്മറഞ്ഞ കേരളത്തിലെ മഹദ്‌വ്യക്തികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്മരണക്കായി അവരുടെ ഛായാചിത്രവും ഘോഷയാത്രയിൽ കടന്നുവന്നപ്പോൾ അതൊരു അനുസ്മരണവുംആദരവുമായി മാറി.
കൂടെ നിരവധി മഹാബലിമാരും പ്രൗഢിയോടെ നടന്നു വന്നപ്പോൾ ശരിക്കും ട്രേഡ്‌സെന്‍റർ ഹാൾ കൊച്ചു കേരളമായി മാറി. നാടൻ കലാരൂപങ്ങളും, മോഹിനിയാട്ടവും, നൃത്ത ശില്പങ്ങളും, താള മേളങ്ങളും, പഞ്ചവാദ്യവും, ചെണ്ടമേളവും, ഒപ്പനയും, മാർഗം കളിയും, തെയ്യവും, തിറയും തുടങ്ങി കേരളത്തിനു മാത്രം സ്വന്തമായുള്ള നിരവധി തനതു കലാരൂപങ്ങൾ ഘോഷയാത്രയുടെ ഭാഗമായപ്പോൾ കണ്ടു നിന്നവർക്ക് പൂരപ്പറമ്പിലെത്തിയ അനുഭൂതി.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കോളജുകൾ അണിനിരന്നപ്പോൾ കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ പ്രദർശനംകൂടിയായി മാറി ഘോഷയാത്ര. മലബാറിന്‍റെയും വള്ളുവനാടിന്‍റെയും തിരുവിതാംകൂറിന്‍റെയും സാംസ്‌കാരിക തനിമകൾ വിളിച്ചോതിയ ഘോഷയാത്ര ദുബൈ ട്രേഡ് സെന്‍റർ ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിധത്തിലായിരുന്നു കടന്നു പോയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

