അജ്മാൻ ഗതാഗത സാങ്കേതികവിദ്യ പ്രദർശനം 18 മുതൽ
text_fieldsഅജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പ്രതിനിധികൾ അജ്മാൻ ഗതാഗത സാങ്കേതികവിദ്യ
പ്രദർശനത്തെക്കുറിച്ചുള്ള വാർത്തസമ്മേളനത്തിൽ
അജ്മാന്: അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ആഭിമുഖ്യത്തില് രണ്ടാമത് അജ്മാൻ ഗതാഗത സാങ്കേതിക വിദ്യ സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നു.
അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ നവംബർ 18,19 തീയതികളിൽ അജ്മാനിലെ അൽ ജർഫ് ഏരിയയിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി ഹാളിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ സേവന ഗുണനിലവാരം ഉയർത്തുക, സുസ്ഥിര രീതികൾ സ്വീകരിക്കുക, ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കുക എന്നിവ ലക്ഷ്യമിടുന്ന അജ്മാൻ വിഷൻ 2030ന്റെ ഭാഗമായാണ് കോൺഫറൻസും എക്സിബിഷനും. പുതിയ കണ്ടുപിടിത്തങ്ങളും സ്മാർട്ട്, സുസ്ഥിര ഗതാഗത പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനൊപ്പം എമിറേറ്റിലെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനായി അതോറിറ്റി നടപ്പിലാക്കിയ നൂതന പദ്ധതികൾ എടുത്തുകാണിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഈ വർഷം പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്ന് അജ്മാൻ ട്രാൻസ്പോർട്ട് ടെക്നോളജി കോൺഫറൻസ് ആൻഡ് എക്സിബിഷൻ കമ്മിറ്റി ചെയർമാൻ എൻജിനീയർ സാമി അലി അൽ ജല്ലാഫ് പറഞ്ഞു. സ്മാർട്ട് ട്രാൻസ്പോർട്ട് മേഖലയിലെ ഭാവി പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സെഷനുകൾ സംഘടിപ്പിക്കുന്നതിനൊപ്പം പുതിയ ഉപകരണങ്ങൾ, നൂതനാശയങ്ങൾ, നൂതന ഗതാഗത പരിഹാരങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.
സമ്മേളനത്തിലും പ്രദർശനത്തിലും, ഗതാഗത അതോറിറ്റിയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും തമ്മിൽ നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെക്കും. സ്മാർട്ട് ഗതാഗത, സുസ്ഥിര അടിസ്ഥാന സൗകര്യ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംയുക്ത പദ്ധതികൾ വികസിപ്പിക്കുന്നതിനും കരാറുകൾ ലക്ഷ്യമിടുന്നു. അജ്മാൻ ട്രാൻസ്പോർട്ട് ലാബ് സംരംഭങ്ങളുടെ ഭാഗമായി ആരംഭിച്ച ‘റിസർച് ഇന്നൊവേഷൻ അവാർഡ്’ വിജയികളെ അതോറിറ്റി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

