തെരുവുകള്‍ക്ക് രക്തസാക്ഷികളുടെ പേരിട്ട് അജ്മാന്
text_fieldsഅജ്മാന്: അജ്മാനിലെ തെരുവുകള്‍ക്ക് രക്തസാക്ഷികളുടെ പേരുനല്കി അജ്മാന്. അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമിയാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
രാജ്യത്തിന്റെ ധീര രക്തസാക്ഷികളുടെ കുടുംബം സ്ഥിതിചെയ്യുന്ന തെരുവുകള്ക്കാണ് പുതിയ നാമധേയം. രക്തസാക്ഷികളുടെ സ്മരണക്കും അവരുടെ ത്യാഗങ്ങൾക്കുള്ള അംഗീകാരത്തിനുവേണ്ടിയും കുടുംബങ്ങൾക്ക് അഭിമാനത്തിന്റെ ഉറവിടമായി മാറുകയും ചെയ്യുന്നതിനാണ് ഈ നടപടി.
രക്തസാക്ഷികൾ ഭൂമിയെ സംരക്ഷിക്കുന്നതിനും യൂനിയൻ സംരക്ഷിക്കുന്നതിനും ജീവൻ നൽകിയ രാഷ്ട്രത്തിന്റെ വിശ്വസ്തരായ പുത്രന്മാരാണെന്ന് അജ്മാന് ഭരണാധികാരി പറഞ്ഞു. എമിറേറ്റിലെ തെരുവുകളിൽ അവരുടെ പേരുകൾ അനശ്വരമാക്കുന്നത് യു.എ.ഇ നേതൃത്വത്തിന്റെയും ജനങ്ങളുടെയും ഹൃദയങ്ങളിൽ അവർക്കുള്ള ഉന്നത സ്ഥാനത്തിന്റെ യഥാർഥ പ്രകടനമാണെന്നും അവർ ത്യാഗത്തിന്റെയും നിസ്വാർഥതയുടെയും തിളങ്ങുന്ന ഉദാഹരണങ്ങളാണെന്നും വരുംതലമുറകൾക്ക് അഭിമാനത്തിന്റെ ഉറവിടമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രം അതിനായി ജീവൻ നൽകിയ മക്കളെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 19 രക്തസാക്ഷികളുടെ വീടുകളുടെ സമീപമുള്ള തെരുവുകൾക്കാണ് അവരുടെ പേരുകൾ നൽകുന്നത്. ഈ നേതൃത്വം അവരുടെ വീരത്യാഗങ്ങളുടെ വ്യാപ്തിയെ അംഗീകരിക്കുന്നുവെന്നും അത് രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രകാശമാനമായി നിലനിൽക്കുമെന്നും അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.
നമ്മുടെ രക്തസാക്ഷികളുടെ പേരുകൾ എമിറേറ്റിലെ തെരുവുകൾക്ക് നൽകുന്നത് അവർ ചെയ്ത അപാരമായ ത്യാഗങ്ങളെ പ്രതിഫലിപ്പിക്കുന്നതായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് ചെയർമാൻ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. അജ്മാന് നഗരസഭ തിരഞ്ഞെടുത്ത സ്ഥലങ്ങൾ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഏറ്റവും അടുത്താണെന്ന് ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

