അവശ്യവസ്തുക്കളുടെ വില വർധന: നിയന്ത്രണം കടുപ്പിച്ച് അജ്മാൻ
text_fieldsഅജ്മാന്‍ : അവശ്യവസ്തുക്കളുടെ വില ക്രമീകരണത്തിൽ നിയന്ത്രണം കടുപ്പിച്ച് അജ്മാൻ സാമ്പത്തിക വികസന വകുപ്പ്. എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾ, വിതരണക്കാർ, മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ തുടങ്ങിയവർക്ക് വില ക്രമീകരിക്കുന്നത് സംബന്ധിച്ച് അജ്മാൻ സാമ്പത്തിക വികസന വകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. പ്രാദേശിക വിപണിയിലെ അവശ്യവസ്തുക്കളുടെ വിലയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് സാമ്പത്തിക, ടൂറിസം മന്ത്രാലയത്തിന് മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
വിപണി സ്ഥിരത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുതാര്യതയുടെയും സാമ്പത്തിക മേൽനോട്ടത്തിന്‍റെയും തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിർദേശം. യു.എ.ഇയിൽ ബാധകമായ നിയമനിർമാണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നടപടിയെന്നും പ്രാദേശിക വിപണിയിലെ സാമ്പത്തിക മാറ്റങ്ങൾ നിരീക്ഷിക്കാനും അവശ്യവസ്തുക്കളിൽ സംഭവിക്കാവുന്ന ഏതൊരു വില ക്രമീകരണത്തിനും വ്യക്തവും സുതാര്യവുമായ ന്യായീകരണങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിടുന്നുവെന്നും വകുപ്പ് വ്യക്തമാക്കി.
വ്യക്തികൾ, സ്ഥാപനങ്ങൾ കമ്പനികൾ തുടങ്ങി എല്ലാ വ്യാപാരികളും വിതരണക്കാരും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഉത്പന്നങ്ങളുടെ വില ക്രമീകരണം നടപ്പിലാക്കുന്നതിന് മുമ്പ് മന്ത്രാലയത്തിന്‍റെ അംഗീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി അപേക്ഷ സമർപ്പിക്കണമെന്ന് വകുപ്പ് അറിയിച്ചു.
ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന 29 ഇന അവശ്യവസ്തുക്കൾ നിയന്ത്രണത്തിന് വിധേയമാണെന്നും വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

