അജ്മാനിൽ റോഡ് മുറിച്ച് കടന്ന 1,652 പേര്‍ക്ക് പിഴ
text_fieldsഅജ്മാന്: റോഡപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഗതാഗത വിഭാഗം അടുത്തിടെ നടത്തിയ പരിശോധനയില്‍ അനധൃകൃതമായി റോഡ് മുറിച്ച് കടന്ന 1,652 പേര്‍ക്ക് പിഴയിട്ടു. ജനങ്ങള്‍ക്ക് പരമാവധി ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര മന്ത്രാലയം നടത്തിയ ക്യാമ്പയിെൻറ ഭാഗമായിരുന്നു നടപടി.
പ്രത്യേകം നിര്‍ദേശിച്ച ഭാഗങ്ങളിലൂടെയല്ലാതെ റോഡ് അലക്ഷ്യമായി മുറിച്ചു കടക്കുക വഴി നിരവധി അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗതാഗത വകുപ്പ് പരിശോധന കര്‍ശനമാക്കിയത് . കഴിഞ്ഞ മൂന്ന് ആഴ്ച്ചക്കിടയില്‍ നടത്തിയ പരിശോധനയിലാണ് 1,652 പേര്‍ക്ക് പിഴയിട്ടത്.
അനധൃകൃതമായി റോഡ് മുറിച്ച് കടക്കുന്നവര്‍ക്ക് ഈടാക്കുന്ന പിഴ ജൂലൈ ഒന്നു മുതല്‍ 200ൽ നിന്ന് 400 ദിർഹമായി വര്‍ധിപ്പിച്ചിരുന്നു. റോഡ് സുരക്ഷയെ കുറിച്ച് പൊലീസ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും പിഴ ഇരട്ടിപ്പിച്ചതും വകവെക്കാതെ അലക്ഷ്യമായി റോഡ് മുറിച്ച് കടന്നവർക്കാണ് പിഴ കിട്ടിയത്.
നിയമം ലംഘിച്ചവരില്‍ അധികവും ഏഷ്യക്കാരും ആഫ്രിക്കകാരുമാണെന്ന് അജ്മാൻ പോലീസ് ട്രാഫിക് ആൻഡ് പാട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ സെയ്ഫ് അബ്ദുള്ള അൽ ഫലാസി പറഞ്ഞു.