അജ്മാനിൽ ബിസിനസ് രംഗം വളർച്ചയിൽ
text_fieldsഅജ്മാന്: ബിസിനസ് കോൺഫിഡൻസ് ഇൻഡക്സിൽ (ബി.സി.ഐ) വളർച്ച രേഖപ്പെടുത്തി അജ്മാൻ. 2024ൽ അജ്മാൻ ബിസിനസ് പ്രവർത്തനങ്ങളിൽ ഗണ്യമായ ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
ഈ കാലയളവില്‍ സാമ്പത്തിക ലൈസൻസുകളുടെ എണ്ണത്തിലും വർധനവുണ്ടായി. അജ്മാൻ സാമ്പത്തിക വികസന വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. നിലവിൽ ബിസിനസ് കോൺഫിഡൻസ് ഇൻഡക്സിൽ 135 പോയന്റിലെത്തിയിട്ടുണ്ട്.
ഇത് വിവിധ മേഖലകളിൽ സാമ്പത്തിക വളർച്ചയെയും അവസരങ്ങളെയും കുറിച്ച് കമ്പനികളിലും നിക്ഷേപകരിലും ശക്തമായ ശുഭാപ്തിവിശ്വാസം നിലനിൽക്കുന്നതായാണ് കണക്കാക്കുന്നത്. അജ്മാനിലെ റിയൽ എസ്റ്റേറ്റ് മേഖല ഏറ്റവും ആത്മവിശ്വാസമുള്ള വ്യവസായമായി വേറിട്ടുനിൽക്കുന്നു.
വിവിധ മേഖലകളിലായാണ് പുതിയതും പുതുക്കിയതുമായ സാമ്പത്തിക ലൈസൻസുകളുടെ എണ്ണം വർധിച്ചത്. വ്യാവസായിക ലൈസൻസുകളിൽ 28 ശതമാനവും വാണിജ്യ ലൈസൻസുകളിൽ 25 ശതമാനവും പ്രഫഷനൽ ലൈസൻസുകളിൽ ഒമ്പത് ശതമാനവും വളർച്ച കൈവരിച്ചു. ഇത് 2024ൽ നൽകിയ ലൈസൻസുകളിൽ മൊത്തത്തിൽ 16 ശതമാനം വർധനക്ക് കാരണമായി. 2024ൽ പുതുക്കിയ ലൈസൻസുകളുടെ എണ്ണം ആകെ 1.31 ലക്ഷമായി. ഇത് 2023നെ അപേക്ഷിച്ച് 10 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.
ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനും നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള അജ്മാൻ സാമ്പത്തിക വികസന വകുപ്പിന്റെ ശ്രമങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഈ ഫലങ്ങളെന്ന് ആക്ടിങ് ഡയറക്ടർ ജനറൽ സൈഫ് അഹമ്മദ് അൽ സുവൈദി പറഞ്ഞു.
നിക്ഷേപകർക്കും സംരംഭകർക്കും എമിറേറ്റിൽ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

