അജ്മാൻ പൊതുഗതാഗതം; ആറ് ശതമാനം വർധന
text_fieldsഅജ്മാന്: അജ്മാനില്‍ ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ട പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ആറ് ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 23,642,929 യാത്രക്കാര്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയതായി അജ്മാന് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഉമർ മുഹമ്മദ് ലൂത്ത പറഞ്ഞു. ജനങ്ങള്‍ക്ക് നൽകുന്ന സേവനങ്ങളും എമിറേറ്റിലെ പൊതുഗതാഗത ലൈൻ ശൃംഖലയുടെ വിപുലീകരണവും പൊതുഗതാഗത സേവനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പൊതുഗതാഗത ബസുകൾ ആഡംബരവും ഉയർന്ന നിലവാരവുമുള്ളതാണ്. സുരക്ഷയും ഗുണമേന്മയും ഉറപ്പുനൽകുന്നതായും സുഖപ്രദമായ സീറ്റുകളും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എമിറേറ്റിലെ നഗരവികസനത്തിനും ജനസാന്ദ്രതയ്ക്കും അനുസൃതമായി പൊതുഗതാഗത ബസുകൾക്കായി 95 പുതിയ സ്റ്റോപ്പുകൾ പൂർത്തിയാക്കി. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന 36 പരിസ്ഥിതി സൗഹൃദ സ്റ്റോപ്പുകൾ നിര്‍മ്മിച്ചു. ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുത്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡില്‍ മറ്റ് എമിറേറ്റുകൾക്കിടയിലെ സഞ്ചാരം സുഗമമാക്കുന്നതിന് അതോറിറ്റി പ്രധാന ബസ് സ്റ്റേഷൻ തുറന്നു. ദുബൈ, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ബസ്സുകള്‍ ഒരുക്കി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ വരവ് വേഗത്തിലാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇത് ഉപകരിക്കുന്നു. എമിറേറ്റ്സ് എയർലൈൻസുമായി സഹകരിച്ച് യാത്രാ നടപടിക്രമങ്ങളുടെ ക്ലിയറൻസും ബാഗുകൾ ഡെലിവറി ചെയ്യുന്നത്തിനുമുള്ള സൗകര്യങ്ങളും ഈ സ്റ്റേഷനിൽ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

