കാൽനടക്കാരുടെ സുരക്ഷ കാമ്പയിനുമായി അജ്മാന് പൊലീസ്
text_fieldsഅജ്മാന്: കാൽനടക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന് പ്രത്യേക ബോധവത്കരണ കാമ്പയിനുമായി അജ്മാന് പൊലീസ്. ഗതാഗത നിയമങ്ങളുടെ പാലനം, നിശ്ചിത സ്ഥലങ്ങളിൽനിന്ന് കാൽനടക്കാർക്ക് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവയെ കുറിച്ച് റോഡ് ഉപയോക്താക്കളിൽ അവബോധം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ‘കാൽനട സുരക്ഷ’ എന്ന പേരില് പുതിയ കാമ്പയിന് ആരംഭിച്ചിരിക്കുന്നത്.
മൂന്നു മാസം നീളുന്നതാണ് കാമ്പയിന്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ് ഉപയോക്താക്കളും കാൽനടക്കാരും നേരിടുന്ന വാഹനാപകടങ്ങൾ കുറക്കുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്.കേണൽ റാശിദ് ഖലീഫ ബിൻ ഹിന്ദി പറഞ്ഞു.
സീബ്ര ലൈനുകളിൽ ട്രാഫിക് നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം, അശ്രദ്ധമായ ഡ്രൈവിങ്, വേഗ പരിധി, കാൽനട ലൈനുകളിലെ സുരക്ഷ നിർദേശം പാലിക്കുക, റോഡ് മുറിച്ച് കടക്കാൻ സീബ്ര ലൈനുകൾ, പാലങ്ങൾ എന്നിവ മാത്രം ഉപയോഗിക്കുക തുടങ്ങിയ വിഷയങ്ങൾ കാമ്പയിനിലൂടെ ഉന്നയിക്കും.
അമിത വേഗം, അശ്രദ്ധമായി വാഹനമോടിക്കൽ, അനുവദിക്കാത്ത സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ മുറിച്ചുകടക്കൽ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ എന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
റോഡ് മുറിച്ചുകടക്കുമ്പോൾ പ്രായമായവരെയും കുട്ടികളെയും കണക്കിലെടുക്കേണ്ടതിന്റെ പ്രാധാന്യവും അവരുടെ സുരക്ഷയും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

