Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിടിച്ചെടുത്ത വാഹനങ്ങൾക്ക് 'ഹോം ക്വാറൻറീൻ' ഉപയോഗിച്ചത് നിരവധിപേരെന്ന് അജ്മാൻ പൊലീസ്

text_fields
bookmark_border
അജ്മാനിലെ 914 വാഹന ഉടമകൾ പദ്ധതി പ്രയോജനപ്പെടുത്തി
പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഹോം ക്വാറൻറീൻ ഉപയോഗിച്ചത് നിരവധിപേരെന്ന് അജ്മാൻ പൊലീസ്
cancel

അജ്മാന്‍: കൃത്യവിലോപങ്ങള്‍ക്ക് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് സ്വന്തം വീട്ടിൽ തടവ് അനുവദിക്കുന്ന പദ്ധതി ഉപയോഗപ്പെടുത്തിയത് നിരവധി പേര്‍.പദ്ധതി പ്രകാരം നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വാഹനം ഉടമകളുടെ ഇഷ്​ടത്തിനനുസരിച്ച് സ്വന്തം വീട്ടിലോ സ്വകാര്യ പാർക്കിങ്​ കേന്ദ്രത്തിലോ കൊണ്ടുപോകാം. നിരവധി പേരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയതെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു.ജൂലൈയിൽ ഈ സംരംഭം ആരംഭിച്ചതുമുതൽ അജ്മാനിലെ 914 വാഹന ഉടമകൾ വീട്ടിൽ തന്നെ സൂക്ഷിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അമിത വേഗതയും ചുവന്ന സിഗ്നല്‍ മറികടന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിക്കപ്പെട്ടവയാണ് ഈ വാഹനങ്ങളിൽ 85 ശതമാനവുമെന്ന്​ അജ്മാന്‍ പൊലീസ് ട്രാഫിക്, പട്രോളിങ്​ വകുപ്പ് അറിയിച്ചു.ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ആദ്യ മാസത്തിന് 500 ദിർഹവും ഓരോ അധിക മാസത്തിനും 100 ദിർഹവുമാണ് ഈടാക്കുന്നത്. പൊലീസ് പിടിച്ച് ജപ്‌തി ചെയ്യുന്ന വാഹനങ്ങളുടെ ഉടമകൾ അവധിക്ക് ശേഷം അവ യഥാസമയം തിരിച്ചെടുക്കാത്തതാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കാൻ കാരണം. സ്വന്തമായി സൂക്ഷിക്കുമ്പോഴും വാഹനങ്ങൾക്ക് പൊലീസ് ഇലക്ട്രോണിക് ജി.പി.എസ് ട്രാക്കർ ഘടിപ്പിക്കും. കാലാവധി തീരുന്നതുവരെ ഒരു കാരണവശാലും ഇത്തരത്തിൽ സൂക്ഷിക്കുന്ന വാഹനങ്ങൾ പുറത്ത് കൊണ്ടുപോകുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് ജി.പി.എസ് ട്രാക്കർ ഘടിപ്പിക്കുന്നത്. പ്രസ്തുത സ്ഥലത്തുനിന്ന് വാഹനം നീക്കിയാൽ ജി.പി.എസ് ട്രാക്കർ വഴി കണ്ട്രോൾ റൂമിൽ സന്ദേശം ലഭിക്കും. 30 മീറ്ററിനപ്പുറത്തേക്ക് വാഹനം നീക്കിയാൽ പിഴ ചുമത്തുകയും കണ്ടുകെട്ടൽ കാലാവധി ഇരട്ടിയാക്കുകയും ചെയ്യും.

നിയമ ലംഘനത്തിനുള്ള പിഴയല്ലാതെ ജി.പി.എസ് ട്രാക്കർ ഘടിപ്പിക്കുന്നതിന് അധിക തുക ഈടാക്കുന്നതല്ല. നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വാഹന ഉടമകൾ ട്രാഫിക്, ലൈസൻസ്​​ സേവന കേന്ദ്രത്തിൽ അപേക്ഷ നൽകുന്ന മുറക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. പൊലീസ് ജപ്‌തി ചെയ്ത് വാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തെ വാഹനങ്ങളുടെ ആധിക്യം കുറക്കുക എന്ന ലക്ഷ്യവും ഈ നടപടിക്ക് പിന്നിലുണ്ട്. തങ്ങളുടെ ചുറ്റുവട്ടത്ത് വാഹനങ്ങൾ സൂക്ഷിക്കാൻ കഴിയുന്നു എന്നത് വാഹന ഉടമകളെ സംബന്ധിച്ച് ഏറെ അനുഗ്രഹവുമാണ്. തങ്ങളുടെ പ്രിയപ്പെട്ട വാഹനം കേടുപാടുകൾ വരാതെ വൃത്തിയായി സൂക്ഷിക്കാനുള്ള അവസരം കൂടി ലഭിക്കുന്നു എന്നത് വാഹന ഉടമകൾക്ക് ഈ പദ്ധതിയോട് ആഭിമുഖ്യം വർധിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story