റോഡ് മുറിച്ച് കടക്കാം: ശരിയായ സ്ഥലത്ത്, സുരക്ഷിതമായി; സുരക്ഷാ കാമ്പയിനുമായി അജ്മാൻ പൊലീസ്
text_fieldsഅജ്മാന്‍: ശരിയായ സ്ഥലത്ത് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുക എന്ന തലക്കെട്ടില്‍ കാൽനടയാത്രക്കാരുടെ സുരക്ഷാ കാമ്പയിനുമായി അജ്മാൻ പൊലീസ്. സുരക്ഷിതമായ ക്രോസിങ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കാൽനട അപകടങ്ങൾ കുറക്കുന്നതിനും റോഡ് ഉപയോക്താക്കളുടെ ജീവൻ സംരക്ഷിക്കുന്നതിനുമായാണ് കാമ്പയിന്‍. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും കാൽനടയാത്രക്കാരുടെ ശരിയായ പെരുമാറ്റം വളർത്തുന്നതിനും നിയുക്ത ക്രോസിങ് പോയന്‍റുകൾ ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അവരുടെയും മറ്റുള്ളവരുടെയും ജീവിതത്തിന് അപകടമുണ്ടാക്കുന്ന രീതികൾ ഒഴിവാക്കുന്നതിനെക്കുറിച്ചും ബോധവൽക്കരിക്കുന്നതിനുമുള്ള അജ്മാൻ പൊലീസിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനെന്ന് അജ്മാൻ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ കേണൽ റാശിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു.
കാൽനടയാത്രക്കാരുടെ ക്രോസിങ്ങുകളും, പാലങ്ങളും ഉപയോഗിക്കുന്നതിലും, നിശ്ചിത ക്രോസിങ് സിഗ്നലിനായി കാത്തിരിക്കുന്നതിലും, തിരക്കുകൂട്ടാതിരിക്കുക, റോഡ് മുറിച്ചുകടക്കുമ്പോൾ ഫോൺ ഉപയോഗം ഒഴിവാക്കുക, വാഹനങ്ങൾക്കിടയിലോ ഹൈവേകൾക്കിടയിലോ ക്രോസ് ചെയ്യാതിരിക്കുക എന്നിവയിൽ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ നൽകും.
ഔദ്യോഗിക മാധ്യമങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓഡിയോ-വിഷ്വൽ മാധ്യമങ്ങൾ എന്നിവയിലൂടെ കാമ്പയിന്‍റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ വ്യക്തമാക്കി. റോഡ് ഉപയോക്താക്കളുടെ സഹകരണം അപകടങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സഹായിക്കുമെന്നും കേണൽ റാശിദ് ബിൻ ഹിന്ദി ആഹ്വാനം ചെയ്തു.

