40 വര്‍ഷത്തെ സ്വപ്നം പൂവണിയിച്ച് അജ്മാന് പൊലീസ്
text_fieldsശ്രീലങ്കൻ യുവതിയെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന ഇമാറാത്തി യുവതി
അജ്മാന്: നാലു പതിറ്റാണ്ടിനുശേഷം ഇമാറാത്തി കുടുംബവും ശ്രീലങ്കൻ യുവതിയും തമ്മിലുള്ള അപൂർവ സൗഹൃദ സംഗമത്തിന് വഴിയൊരുക്കി അജ്മാൻ പൊലീസ്. റോജിന എന്ന ശ്രീലങ്കന്‍ യുവതി നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തില്‍ ജോലി ചെയ്തിരുന്നു. 1982 മുതൽ 1987 വരെ അലി അബ്ദുല്ല സനാൻ അൽ ഷെഹിയുടെ വീട്ടിൽ വീട്ടുജോലിക്കാരിയായിരുന്നു റോജിന.
പിന്നീട് അവര്‍ സ്വദേശമായ ശ്രീലങ്കയിലേക്ക് ജോലി അവസാനിപ്പിച്ച് മടങ്ങി. ഈയിടെ റോജിന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ യു.എ.ഇയില്‍ എത്തിയതായിരുന്നു. ഇവിടെവെച്ച് തന്നോട് ഒരുപാട് സ്നേഹത്തോടെ പെരുമാറിയ അജ്മാനിലെ അലി അബ്ദുല്ല സനാൻ അൽ ഷെഹിയുടെ കുടുംബത്തെ കാണണമെന്നുള്ള ആഗ്രഹം റോജിനക്ക് തോന്നി. എന്നാല്‍ ആ ഇമാറാത്തി കുടുംബത്തെക്കുറിച്ചുള്ള വലിയ വിവരങ്ങളൊന്നും റോജിനയുടെ കൈയില്‍ ഉണ്ടായിരുന്നില്ല.
അങ്ങനെ തന്റെ ആഗ്രഹം അറിയിച്ച് അജ്മാന് പൊലീസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുവഴി ബന്ധപ്പെട്ടു. ഈ വൈകാരിക അഭ്യർഥന അജ്മാന് പൊലീസ് ഏറ്റെടുക്കുകയായിരുന്നുവെന്ന് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ റിസർച്ച് ബ്രാഞ്ച് മേധാവി ക്യാപ്റ്റൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി. അലി അബ്ദുല്ല സനാൻ അൽ ഷെഹിയുടെ കുടുംബത്തെ പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തുകയും അത് വഴി റോജിനയുമായുള്ള പുനഃസമാഗമം സാധ്യമാക്കുകയുമായിരുന്നു. തുടർന്ന് ഇമാറാത്തി കുടുംബത്തിന്റെ വീട്ടിൽ ഊഷ്മളവും വൈകാരികവുമായ ഒരു സമാഗമം സംഘടിപ്പിച്ചു. ഇമാറാത്തി മൂല്യങ്ങളുടെയും ഉദാരതയുടെയും യഥാർഥ പ്രതിഫലനമായ സ്നേഹവും സന്തോഷവും നിറഞ്ഞ കൈകളോടെയാണ് ഇമാറാത്തി കുടുംബം റോജിനയെ സ്വീകരിച്ചത്. സന്തോഷത്തിന്റെ പുഞ്ചിരിയും സന്തോഷക്കണ്ണീരും വിരിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

