അജ്മാനിൽ കാൽനടക്കാർക്ക് രണ്ട് മേൽപാലങ്ങൾകൂടി
text_fieldsഅജ്മാനിൽ പുതുതായി പണികഴിപ്പിച്ച കാൽനട മേൽപാലം
അജ്മാന്: കാൽനടക്കാർക്ക് റോഡ് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനായി നിർമിച്ച രണ്ട് പുതിയ മേൽപാലങ്ങൾ അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് തുറന്നുകൊടുത്തു. 60 ലക്ഷം ദിർഹം ചെലവിലാണ് പുതുതായി രണ്ട് കാൽനട പാലങ്ങൾ ഏറെ പുതുമയോടെ പണി പൂര്‍ത്തിയാക്കിയത്.
ആദ്യത്തെ മേൽപാലം അല്‍ റൗദ കവലക്ക് സമീപത്താണ്. 37 മീറ്റർ നീളവും നാല് മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. രണ്ടാമത്തെ പാലം ശൈഖ് അമ്മാര്‍ സ്ട്രീറ്റിന്റെയും അൽ അൻഡലൂസിയ സ്ട്രീറ്റിന്റെയും കവലയിലാണ് പൂർത്തിയാക്കിയത്. 57 മീറ്റർ നീളവും നാല് മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
റോഡ് സുരക്ഷ ഉയർത്തുക, റോഡ് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് പൂജ്യമാക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, റോഡ് ഉപയോക്താക്കൾക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായ ഗതാഗതം ഒരുക്കുക തുടങ്ങിയ ലക്ഷ്യത്തോടുകൂടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് അജ്മാന് റോഡ്, അടിസ്ഥാന വികസന വകുപ്പ് ഡയറക്ടർ എൻജീനിയർ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു.
റോഡ് സുരക്ഷ ഉറപ്പുവരുത്താൻ ഉയർന്ന അന്താരാഷ്ട്ര നിലവാരത്തോട് കൂടിയാണ് രണ്ട് പാലങ്ങളും നിർമിച്ചിരിക്കുന്നത്. മതിയായ വെളിച്ച സംവിധാനങ്ങൾക്കൊപ്പം നഗരഭംഗിക്ക് ചേരുന്ന രീതിയിലാണ് പാലങ്ങളുടെ രൂപകൽപന. പുതുതായി രണ്ട് മേൽപാലങ്ങൾകൂടി തുറന്നതോടെ എമിറേറ്റിലെ ആകെ കാൽനട മേൽപാലങ്ങളുടെ എണ്ണം 14 ആയി. കൽനടക്കാർ റോഡ് മുറിച്ചു കടക്കാൻ പരമാവധി മേൽപാലം ഉപയോഗിക്കണമെന്നും അബ്ദുല്ല അൽ മർസൂഖി അഭ്യർഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.