അജ്മാന് മോട്ടോര്‍ ഫെസ്റ്റിവലിന് സമാപനം
text_fieldsഅജ്മാൻ: അജ്മാന് മോട്ടോര്‍ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് ആവേശകരമായ സമാപനം. അജ്മാന് വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് എമിറേറ്റ്സ് ഓട്ടോമൊബൈൽ അസോസിയേഷനുമായി സഹകരിച്ച് മോട്ടോര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടുനിന്ന ഫെസ്റ്റിവലില്‍ പരിഷ്കരിച്ച കാറുകളുമായും മോട്ടോർസൈക്കിളുമായും ബന്ധപ്പെട്ട നിരവധി പ്രദർശനങ്ങളും വിനോദ പരിപാടികളും അരങ്ങേറി. എല്ലാ വിഭാഗങ്ങള്‍ക്കും യോജിച്ച വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് ആസ്വാദ്യകരവും വേറിട്ടതുമായ അനുഭവം പ്രദാനം ചെയ്യാൻ ഫെസ്റ്റിവലിന് കഴിഞ്ഞു.
കാറുകളുടെ വിശാല ലോകത്തെക്കുറിച്ച് സന്ദർശകരെ പരിചയപ്പെടുത്തി. കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും മേഖലയിൽ വിദഗ്ധരായ പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് അവരുടെ ഏറ്റവും പുതിയ ഉൽപന്നങ്ങളും മികച്ച സേവനങ്ങളും അവതരിപ്പിക്കാനും പുതിയ നിക്ഷേപങ്ങൾ ക്ഷണിക്കാനും അവസരമൊരുങ്ങി. നിരവധി കാർ ക്ലബുകളും വാഹനലോകത്ത് താൽപര്യമുള്ളവരും പങ്കെടുത്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ ക്ലാസിക് കാറുകളുടെ അപൂർവ ശേഖരം പ്രദർശിപ്പിച്ചു. കാർ പ്രേമികൾക്ക് പരസ്പരം പരിചയപ്പെടാനും അനുഭവങ്ങൾ കൈമാറാനും ഫെസ്റ്റിവൽ വേദിയൊരുക്കി. യു.എ.ഇയുടെ 51ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സിറ്റി സെന്റർ അജ്മാൻ, അജ്മാൻ മ്യൂസിയം, അജ്മാൻ മറീന എന്നിവിടങ്ങളിൽ പ്രദര്‍ശനങ്ങള്‍ അരങ്ങേറി. വിനോദ പ്രവർത്തനങ്ങൾ, മത്സരങ്ങൾ, മാജിക് ഗെയിമുകൾ, സൈനിക ബാൻഡ് പ്രകടനങ്ങൾ, കുട്ടികളുടെ കോർണർ, മത്സരങ്ങൾക്കുള്ള തിയറ്റർ, വിജയികളെ ആദരിക്കൽ തുടങ്ങിയവ മേളക്ക് മികവു കൂട്ടി.

