അജ്മാൻ ഡ്യുവാത്ത്ലോൺ നാലാം പതിപ്പിന് ഇന്ന് തുടക്കം
text_fieldsഅജ്മാൻ ഡ്യുവാത്ത്ലോണിൽ പങ്കെടുക്കുന്നവർ (ഫയൽ ചിത്രം)
അജ്മാൻ: അജ്മാൻ ടൂറിസം വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അജ്മാൻ ഡ്യുവാത്ത്ലോൺ മത്സരത്തിന്റെ നാലാം പതിപ്പ് ഞായറാഴ്ച നടക്കും. അജ്മാന് അൽ സഫിയയില് സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ ആദ്യത്തെ മൂന്നു വിജയികള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. വ്യത്യസ്ത പ്രായ വിഭാഗങ്ങള്‍, ഇമാറാത്തി വിഭാഗം, വ്യത്യസ്ത ലിംഗഭേദങ്ങളിൽ നിന്നുള്ള ഓപൺ വിഭാഗങ്ങൾ എന്നിങ്ങനെയാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
ദീർഘദൂരത്തില്‍ അഞ്ചു കി.മീ, 10 കി.മീ ഓട്ടമത്സരവും 40 കി.മീ സൈക്കിള്‍ മത്സരവും സ്പ്രിന്റ് മത്സരത്തില്‍ അഞ്ചു കിലോമീറ്റര്‍, 2.5 കിലോമീറ്റര്‍ ദൂരം ഓട്ടവും 20 കിലോമീറ്റര്‍ സൈക്കിള്‍ മത്സരവും നടക്കും. സൂപ്പർ സ്പ്രിന്റ് മത്സരത്തില്‍ 2.5 കിലോമീറ്റര്‍, 2.5 കിലോമീറ്റര്‍ ദൂരം ഓട്ടവും 10 കിലോമീറ്റര്‍ സൈക്കിള്‍ മത്സരവും അരങ്ങേറും. ഒരു ടീമിൽ രണ്ടോ മൂന്നോ അംഗങ്ങള്‍ വരെ പങ്കെടുക്കാം. ടീമിൽ രണ്ട് അംഗങ്ങളുണ്ടെങ്കിൽ ഒരാൾക്ക് ഓട്ടത്തിലും മറ്റൊരാൾക്ക് സൈക്കിൾ മത്സരത്തിലും പങ്കെടുക്കാം. ടീമിൽ മൂന്ന് അംഗങ്ങളുണ്ടെങ്കിൽ ഒരാൾക്ക് ആദ്യ വിഭാഗത്തിലെ ഓട്ടത്തിലും മറ്റേയാൾക്ക് സൈക്കിൾ വിഭാഗത്തിലും അവസാനത്തെയാൾക്ക് രണ്ടാമത്തെ വിഭാഗത്തിലെ ഓട്ടത്തിലും പങ്കെടുക്കാം.

