വികസന മുന്നേറ്റം അടയാളപ്പെടുത്തി ‘അജ്മാൻ കാൾസ്"
text_fieldsഗൾഫ് മാധ്യമം ഒരുക്കിയ “അജ്മാൻ കാൾസ്” ഉദ്ഘാടന ചടങ്ങിൽ അജ്മാൻ ചേംബർ വൈസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമിക്കൊപ്പം ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപ്പറേഷൻസ് മേധാവി മുഹമ്മദ് സലിം അമ്പലൻ, സ്മാർട്ട് ട്രാവൽ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അഫി അഹമ്മദ്, പ്രമുഖ ഇമാറാത്തി പരിസ്ഥിതി പ്രവർത്തകൻ ഡോ. ഉബൈദ് അലി അൽ ശംസി, അജ്മാൻ പൊലീസ് മുൻ മേധാവിയും രാജകുടുംബാംഗവുമായ ശൈഖ് മുഹമ്മദ് സഈദ് അൽ നുഐമി, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്‍റ് ഡോ. തുംബെ മൊയ്തീൻ, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ഷംസു സമാൻ, ശൈഖ് സഈദ് മുഹമ്മദ് നുഐമി, ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിങ് ഡയറക്ടർ അബ്ദുൽ റൗഫ് , അജ്മാൻ കാൾസ് ഓർഗനൈസിങ് ടീം ഹെഡ് മുഹമ്മദ് സാബിർ, മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീക് എന്നിവർ
അജ്മാൻ: വികസന രംഗത്ത് വിസ്മയകരമായ നേട്ടങ്ങൾ കൈവരിച്ച് ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്ന അജ്മാനിന്റെ വിജയഗാഥകൾ അടയാളപ്പെടുത്തുന്ന ‘അജ്മാൻ കാൾസി’ന് പ്രൗഢമായ സമാരംഭം. സ്വദേശി പ്രമുഖരുടെയും എമിറേറ്റിലെ ബിസിനസ് അതികായരുടെയും സാമൂഹിക, സാംസ്കാരിക രംഗത്തെ മഹനീയ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിൽ തുടക്കമിട്ട സംരംഭത്തിന് ഹൃദയത്തിൽ നിന്ന് സുസ്വാഗതമോദി പ്രവാസി സമൂഹം. അരനൂറ്റാണ്ട് കാലത്തിനിടയിൽ അജ്മാൻ കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുന്നതിനൊപ്പം അതിന് കരുത്തു പകർന്ന ബിസിനസ് സമൂഹത്തെ ആദരിക്കാനുമായി ‘ഗൾഫ് മാധ്യമം’ ഒരുക്കിയ പുതു സംരംഭമാണ് ‘അജ്മാൻ കാൾസ് ’. പ്രവാസി സമൂഹം ഒഴുകിയെത്തിയ സായാഹ്നത്തിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി അജ്മാൻ ചേംബർ വൈസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി അജ്മാൻ കാൾസ് ഉദ്ഘാടനം ചെയ്തു. അജ്മാൻ പൊലീസ് മുൻ മേധാവിയും രാജകുടുംബാംഗവുമായി ശൈഖ് മുഹമ്മദ് സഈദ് അൽ നുഐമി, ശൈഖ് സഈദ് മുഹമ്മദ് നുഐമി, പ്രമുഖ ഇമാറാത്തി പരിസ്ഥിതി പ്രവർത്തകൻ ഡോ. ഉബൈദ് അലി അൽ ശംസി, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്‍റ് ഡോ. തുംബെ മൊയ്തീൻ, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ഷംസു സമാൻ, ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിങ് ഡയറക്ടർ അബ്ദുൽ റൗഫ്, സ്മാർട്ട് ട്രാവൽ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അഫി അഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
സംരംഭത്തിന്‍റെ ഭാഗമായി ‘ഗൾഫ് മാധ്യമം’ പുറത്തിറക്കിയ ‘അജ്മാൻ കാൾസ്’ പ്രത്യേക സുവനീർ പ്രകാശനവും വേദിയിൽ നടന്നു. ശേഷം അജ്മാനിന്റെ വികസന യാത്രയിൽ പിന്തുണയും കരുത്തും പകർന്ന പ്രവാസികളായ ബിസിനസ് പ്രമുഖർ ചടങ്ങിൽ ആദരമേറ്റുവാങ്ങി. ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഓപ്പറേഷൻസ് മേധാവി മുഹമ്മദ് സലിം അമ്പലൻ, മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീക്, അജ്മാൻ കാൾസ് ഓർഗനൈസിങ് ടീം ഹെഡ് മുഹമ്മദ് സാബിർ എന്നിവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു. തുടർന്ന് പ്രമുഖ മെന്‍റലിസ്റ്റ് ആദിയുടെ മാസ്മരിക പ്രകടനവും അരങ്ങേറി. മനസ് വായിക്കുന്ന മാന്ത്രികതയുമായി സ്റ്റേജിൽ നിറഞ്ഞ ആദി സന്ദർശകർക്ക് കൗതുകം നിറഞ്ഞ അനുഭവം സമ്മാനിച്ചാണ് മടങ്ങിയത്. വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ മനം കുളിർപ്പിക്കുന്ന പാട്ടുകളുമായി പ്രമുഖ ഗായകൻ സൗരവ് കിഷനും മെലഡിയുടെ ഓളങ്ങൾ തീർത്ത് നഫ്ല സാജിദും ചേർന്ന് നടത്തിയ സംഗീത നിശയും പരിപാടിക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

