മുന്നേറ്റം അടയാളപ്പെടുത്താൻ ‘അജ്മാൻ കാൾസി’ന് ഇന്ന് തുടക്കം
text_fieldsഅജ്മാൻ: അരനൂറ്റാണ്ട് കാലത്തിനിടെ അജ്മാൻ എമിറേറ്റ് കൈവരിച്ച മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്ന സംരംഭം ‘അജ്മാൻ കാൾസി’ന് ഞായറാഴ്ച തുടക്കമാകും. എമിറേറ്റിലെ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിൽ വൈകീട്ട് 5.30ന് ആരംഭിക്കുന്ന ചടങ്ങിൽ സ്വദേശി പ്രമുഖരും പ്രവാസിസമൂഹവും പങ്കാളികളാകും. എമിറേറ്റിലെ ഇന്ത്യൻ ബിസിനസ് പ്രമുഖരെ ചടങ്ങിൽ ആദരിക്കും. പ്രവാസി സമൂഹത്തിലെ ആയിരത്തിലേറെ അംഗങ്ങൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയിൽ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി യു.എ.ഇയുടെ വികസനത്തോടൊപ്പം എമിറേറ്റ് കൈവരിച്ച മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം, പ്രവാസത്തിന്റെ വാണിജ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സജീവതയെക്കൂടി ആഘോഷമാക്കുന്നതാണ് സംരംഭം. ഒരു വർഷം നീളുന്ന വിവിധ പരിപാടികളും പദ്ധതികളും സംരംഭത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത് നടപ്പാക്കും.
പരിപാടിയുടെ ഭാഗമായി മനസ്സ് വായിക്കുന്ന മാന്ത്രികതയുമായി മെന്റലിസ്റ്റ് ആദി സദസ്സിന് മുന്നിൽ മാസ്മരിക പ്രകടനം കാഴ്ചവെക്കും. സൗരവ് കിഷനും നഫ്ല സാജിദും ചേർന്നൊരുക്കുന്ന സംഗീത നിശയും അരങ്ങേറും. ഓൺലൈനിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് പാസ് നേടിയവർക്കാണ് പരിപാടിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പരിപാടിയിൽ ‘ഗൾഫ് മാധ്യമം’ പുറത്തിറക്കുന്ന അജ്മാൻ കാൾസ് പ്രത്യേക സുവനീർ പ്രകാശനവും നടക്കും.
എമിറേറ്റിന്റെ വികസന മുന്നേറ്റത്തെയും ഭാവി സാധ്യതകളെയും അടയാളപ്പെടുത്തുന്ന പ്രമുഖരുടെ സന്ദേശങ്ങളും ലേഖനങ്ങളും അഭിമുഖങ്ങളും ഉൾപ്പെട്ടതാണ് സുവനീർ. ഒരു വർഷം നീളുന്ന സംരംഭത്തിന്റെ ഭാഗമായി അടുത്ത മാസങ്ങളിൽ പ്രവാസികളെ ശാക്തീകരിക്കുന്ന മാധ്യമ ഇടപെടലുകൾ, സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് ബോധവത്കരണ കാമ്പയിനുകൾ, ആരോഗ്യ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ പദ്ധതികൾ, വികസന പാതയില് വ്യക്തിമുദ്ര പതിപ്പിച്ചവർക്കും അജ്മാനിലെ പ്രവാസി സംരംഭകർക്കും ആദരവ് തുടങ്ങിയവയും നടപ്പാക്കും.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ചുവരുന്ന വികസനോന്മുഖവും സാംസ്കാരിക ഉള്ളടക്കമുള്ളതുമായ പരിപാടികളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

