അജ്മാനിൽ ബസ് ഉപയോക്താക്കൾ 38 ലക്ഷം
text_fieldsഅജ്മാന്: കഴിഞ്ഞ വർഷം അജ്മാൻ എമിറേറ്റിനകത്തും പുറത്തേക്കും പൊതുഗതാഗത ബസുകൾ ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 3,860,265 ആയി. അജ്മാൻ എമിറേറ്റിന്റെ അകത്തും, പുറത്തേക്കും നടത്തിയ യാത്രകളുടെ എണ്ണം 127,344 ആയിരുന്നു.
എമിറേറ്റിൽ പ്രവർത്തിക്കുന്ന ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അതോറിറ്റി ഉണര്‍ന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അജ്മാന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. 3,462,002 യാത്രക്കാരുണ്ടായിരുന്ന 2023 നെ അപേക്ഷിച്ച് 11.5ശതമാനം വളർച്ച കഴിഞ്ഞ വർഷം നേടിയതായും അധികൃതര്‍ വ്യക്തമാക്കി.
പൊതുഗതാഗത സംവിധാനത്തിന്റെ വികസനത്തിനായി നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും ബസുകൾ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ, ആഡംബരം, ഗുണനിലവാരം എന്നിവയാൽ സവിശേഷതയുള്ളതാണെന്നും സുഖപ്രദമായ സീറ്റുകളും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
ഉയർന്ന നിലവാരമുള്ള ബസുകൾ നൽകുന്നതിലൂടെ പൊതുഗതാഗതം ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ടതാക്കി മാറ്റാനാണ് അതോറിറ്റി ശ്രമിക്കുന്നത്.
എമിറേറ്റിലെ നഗര വികസനത്തിനും ജനസാന്ദ്രതക്കും അനുസരിച്ച് ബസ് സ്റ്റോപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ സ്റ്റോപ്പുകളുടെ സാന്നിധ്യവും പ്രത്യേകതയാണ്.
സുരക്ഷിതവും സുസ്ഥിരവും നൂതനവുമായ ഗതാഗതം എന്ന അതോറിറ്റിയുടെ കാഴ്ചപ്പാടിനായി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

