അജ്മാൻ കെട്ടിടത്തിലെ തീ; നടുക്കം മാറാതെ മലയാളികളും
text_fieldsഅജ്മാനിലെ നുഐമിയയിൽ തീപിടിത്തമുണ്ടായ ബഹുനില താമസ കെട്ടിടം
അജ്മാൻ: കഴിഞ്ഞ ദിവസം അജ്മാനിലെ നുഐമിയയിൽ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നടുക്കം മാറാതെ മലയാളികളും. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് അജ്മാൻ ബാങ്ക് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് തീപിടിച്ചത്. 15 നിലയുള്ള കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകളിലേക്ക് തീ പടർന്നു. കെട്ടിടത്തിന്റെ താഴെ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു.
അജ്മാനിലെ പ്രധാനപ്പെട്ട ഒരു ബാങ്കും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് തീപിടിച്ചത്. വിവരമറിഞ്ഞയുടനെ പരമാവധി ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിരവധി മലയാളികൾ ഇവിടെ താമസിക്കുന്നുണ്ട്. കുടുംബമായി താമസിക്കുന്ന കോട്ടയം സ്വദേശി അലക്സ് സംഭവസമയം ജോലിസ്ഥലത്തായിരുന്നു.
സ്റ്റെയർകേസ് വഴിയാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും താഴെയിറങ്ങിയത്. തീപിടിത്ത വിവരം അറിഞ്ഞയുടനെ തന്നെ പൊലീസും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിരുന്നു. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
പൊലീസും കെട്ടിട ഉടമകളും മുൻകൈയെടുത്ത് താമസക്കാരെ ഹോട്ടലിലേക്ക് മാറ്റി. അധികൃതരുടെ ഭാഗത്തുനിന്ന് മികച്ച സേവനമാണ് ലഭിച്ചതെന്ന് അലക്സ് പ്രതികരിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചെങ്കിലും തീ പടരാത്ത താമസസ്ഥലത്തെ ആളുകൾക്ക് അത്യാവശ്യ സാധനങ്ങൾ എടുക്കുന്നതിന് അധികൃതർ സൗകര്യം ഒരുക്കിയിരുന്നു. കേടുപാട് സംഭവിക്കാത്ത ഫ്ലാറ്റുകളിലെ താമസക്കാരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ വീടുകളിലേക്ക് കൊണ്ടുവരും എന്നാണ് അറിയാൻ കഴിയുന്നത്.