അണിഞ്ഞൊരുങ്ങി അജ്മാന് ബീച്ച്
text_fieldsഅജ്മാന് ബീച്ചിന്റെ നവീകരണ പദ്ധതി അജ്മാന് നഗരസഭ ചെയര്മാന് ശൈഖ് റാശിദ് ബിൻ ഹുമൈദ് അല്‍ നുഐമി സന്ദര്‍ശിക്കുന്നു
അജ്മാന്: അജ്മാന് ബീച്ചിന്റെ നവീകരണ പദ്ധതി ഈ വർഷം ആഗസ്റ്റോടെ പൂര്‍ത്തീകരിക്കും. മനോഹരമായ ബീച്ചിന്റെ വിസ്തൃതി 165,000 ചതുരശ്ര മീറ്റര്‍ വര്‍ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതോടെ ആകെ വിസ്തീര്‍ണ്ണം 220,000 ചതുരശ്ര മീറ്ററായി വികസിക്കും. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി അജ്മാന് നഗരസഭ ചെയര്മാന് ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അജ്മാന് എമിറേറ്റിന്റെ നയത്തിന്റെ ഭാഗമാണ് ബീച്ച് നവീകരണ പദ്ധതി.താമസക്കാർക്കും സന്ദർശകർക്കും പൊതു ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മെഗാ ബീച്ച് പദ്ധതിയിൽ മൂന്നു ചതുരശ്ര മീറ്റർ ഹരിത ഇടങ്ങളും ഉൾപ്പെടുത്തും. കോർണിഷിലെ കാൽനട നടപ്പാതയും ഗ്രീൻ സോണുകളും കൂടാതെ 2,500 മീറ്റർ നീളമുള്ള സൈക്ലിങ് ട്രാക്കും പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്.
വിനോദത്തിനും കായിക പ്രവർത്തനങ്ങൾക്കും അനുയോജ്യമായ ആധുനികവും സുസ്ഥിരവുമായ നഗര ഇടങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അജ്മാന് നഗരസഭ അടിസ്ഥാനസൗകര്യ വികസന വിഭാഗം ചീഫ് ഓപറേറ്റിങ് ഓഫിസർ മുഹമ്മദ് ബിൻ ഉമർ അൽ മുഹൈരി പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി അൽ മുഹൈരി വ്യക്തമാക്കി. പുതിയ നവീകരണത്തിന്റെ പൂർത്തീകരണം 2025 മാർച്ചിൽ ലക്ഷ്യമിടുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ലാൻഡ്സ്കേപ്പിങ്, സൗന്ദര്യവൽക്കരണ ശ്രമങ്ങൾ തുടരും. 2025 ആഗസ്റ്റിൽ മുഴുവന്‍ ജോലികൾ പൂർത്തീകരിക്കും.
തീരദേശം വികസിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുക, വിനോദ ഇടങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള അജ്മാന്റെ വിശാലമായ നഗര വികസന നയത്തിന്റെ ഭാഗമാണ് ഈ സംരംഭംമെന്ന് നഗരസഭ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.