പ്രകൃതി രമണീയം, അവർണ്ണനീയം അജ്മാൻ അൽ സോറ
text_fieldsപ്രകൃതി സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് യു.എ.ഇ നല്‍കുന്നത്. പ്രകൃതിയുടെ സുസ്ഥിരത കാത്ത് സൂക്ഷിക്കാന്‍ സ്വാഭാവിക ആവാസ വ്യവസ്ഥകളാല്‍ സമ്പന്നമാക്കപ്പെട്ട ഇക്കോ - ടുറിസം പദ്ധതി പ്രദേശമാണ് അജ്മാന് അല്‍ സോറ. അജ്മാന് ഉമ്മുല്‍ഖുവൈന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നതാണ് ഈ പ്രദേശം.
പ്രകൃതിദത്ത റിസർവ് ഇക്കോ സിസ്റ്റത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമായ സംരക്ഷിത മേഖലയാണ് അല്‍ സോറ. പ്രകൃതി രമണീയതക്ക് ഒട്ടും കോട്ടംതട്ടാത്ത വിധത്തിലാണ് ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്. പ്രകൃതിദത്തമായ ഉപരിതലത്തിൽ വിശാലമായ ജലാശയം, കണ്ടല്‍കാടുകള്‍ തുടങ്ങി പ്രകൃതിയുമായി സംയോജിപ്പിച്ച് 5.4 ദശലക്ഷം ചതുരശ്ര മീറ്ററില്‍ ആഡംബര ജീവിതശൈലികളും ആധുനിക സൗകര്യങ്ങടക്കം ഈ പദ്ധതിയുടെ ആകര്‍ഷണീയതയാണ്.
റംസാര്‍ തണ്ണീര്‍തട സംരക്ഷണ പട്ടികയില്‍ യു.എ.ഇയിലെ ഏഴാമത് ഇടമായി അജ്മാനിലെ അല്‍ സോറ നേരത്തേ ഇടം പിടിച്ചിരുന്നു. റാസല്‍ഖോര്‍ പക്ഷി സങ്കേതം (2007), വാദി വുറയ്യ (2010), കല്‍ബ കണ്ടല്‍ വനം (2013), അല്‍ വത്വ പക്ഷി സങ്കേതം (2013), സര് ബുനൈര്‍ ദ്വീപ് (2013), ബുല്‍ സയായീഫ് തണ്ണീര്‍ത്തടം (2016) എന്നിവയാണ് റംസാര്‍ പട്ടികയിലുള്ള മറ്റു യു.എ.ഇ പ്രദേശങ്ങള്‍. ഇക്കോ ടൂറിസം, വന്യജീവി സംരക്ഷണം എന്നിവയെ കുറിച്ച പഠനത്തിന് മികച്ച അവസരത്തിനുള്ള പ്രദേശമാണ് ഇവിടം.
വിനോദ സഞ്ചാരികള്‍ക്ക് പ്രാദേശിക, ദേശാടന പക്ഷി ഇനങ്ങളെ കുറിച്ച് പഠിക്കാനും പ്രകൃതി ആസ്വദിക്കാനുമുള്ള അവിസ്മരണീയമായ അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്. 10 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കണ്ടല്‍കാട് പ്രദേശത്ത് പിങ്ക് ഫ്ലെമിംഗോകൾ ഉൾപ്പെടെ പ്രാദേശിക, ദേശാടന പക്ഷികളും ഉൾപ്പെടുന്ന 102 ഇനം പക്ഷികൾ വർഷം മുഴുവനും ഇവിടെ കാണപ്പെടുന്നു. സമുദ്ര വിമാനയാത്ര, അബ്ര, വാട്ടര്‍ സ്പോര്‍ട്സ്, സാഹസിക വിനോദങ്ങൾ, ഔട്ട്ഡോർ ഫിറ്റ്നസ് ക്ലബ്ബ്, ഗോള്‍ഫ് കോര്‍ട്ട്, കയാക്കിങ് എന്നിവയും പദ്ധതിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഒരു സാഹസിക കായിക കമ്പനിയുടെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്ക് കണ്ടല്‍കാടുകൾ സന്ദര്‍ശിക്കാനും തടാകത്തിലൂടെ സഞ്ചരിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.
നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവ അല്‍ സോറയിലെ കണ്ടല്‍ക്കാടുകളില്‍ കൂട്ടമായ് ചേക്കേറുന്നത് നയനമനോഹര കാഴ്ചയാണ്. കണ്ടല്കാടുകളോടനുബന്ധമായി 15.5 കിലോമീറ്റര്‍ ദൂരത്തിലുള്ള സൈക്കിള്‍ ട്രാക്ക് സവാരിക്കും അനുയോജ്യമായ പാതയൊരുക്കിയിട്ടുണ്ട്. പക്ഷികളുടെ ആരവത്തിന്റെ അകമ്പടിയോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ച് ഇവിടെ വ്യായാമം ചെയ്യാം. ഏറെ പുതുമകളോടെ നിരവധി വിനോദോപാധികളുമായി കുട്ടികള്‍ക്കായി പാര്‍ക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്. കുറിയ മൃഗങ്ങളുടെ PYGMY ZOO പ്രവര്‍ത്തിക്കുന്നത് ഇതിനടുത്താണ്. അജ്മാന് ടൂറിസം വികസന വകുപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. അജ്മാന് മറീന ബോട്ട് സര്‍വീസ് ഈ പ്രദേശത്തെ കൂടി ഉള്‍ക്കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

