ഇളകിയ സീറ്റ്; വിമാന കമ്പനി നഷ്ടപരിഹാരം നല്കണമെന്ന് വിധി
text_fieldsഅബൂദബി: യാത്രയില് ഇളകിയ സീറ്റ് നല്കിയ എയര്ലൈന് കമ്പനിക്കെതിരെ കോടതിയെ സമീപിച്ച യുവതിക്ക് 10,000 ദിര്ഹം നഷ്ടപരിഹാരം നല്കാന് വിധി. അബൂദബി സിവില് ഫാമിലി കോടതിയാണ് യാത്രക്കാരി അനുഭവിച്ച ബുദ്ധിമുട്ടുകള്ക്ക് നഷ്ടപരിഹാരം നല്കാന് എയര്ലൈന് കമ്പനിക്ക് നിര്ദേശം നല്കിയത്.
യാത്ര ചെയ്യാന് തനിക്കനുവദിച്ച സീറ്റ് ഇളകിയതാണെന്നും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാവുന്നതായും നിരവധി തവണ എയര്ലൈന് ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ലെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. 50,000 ദിര്ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു യുവതി കോടതിയെ സമീപിച്ചത്. സീറ്റിന്റെ ദയനീയാവസ്ഥമൂലം തനിക്ക് മുറിവുകളുണ്ടായെന്നും ലക്ഷ്യസ്ഥാനത്ത് വിമാനമിറങ്ങിയശേഷം മുന്കരുതല് കുത്തിവെപ്പുകള് എടുത്തതായും ഇതിനുശേഷം വിദേശത്തുനിന്ന് യു.എ.ഇയില് എത്തിയശേഷം തുടർ ചികിത്സ തേടിയെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
കേടുപാടുള്ള സീറ്റ് നല്കിയതിലൂടെ യുവതി ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകള് അനുഭവിച്ചുവെന്ന് കണ്ടെത്തിയ കോടതി എയര്ലൈന് കമ്പനിയോട് പരാതിക്കാരിക്ക് 10,000 ദിര്ഹം നഷ്ടപരിഹാരം നല്കാന് നിര്ദേശം നല്കുകയായിരുന്നു. ഏത് എയര്ലൈന് കമ്പനിക്കെതിരെയാണ് യുവതി പരാതി നല്കിയതെന്ന വിവരം ലഭ്യമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

