റാസല്‍ഖൈമയില്‍ പറക്കും ടാക്സി പരീക്ഷണം വിജയം
text_fieldsറാസല്‍ഖൈമ: ദുബൈ, അബൂദബി, അജ്മാൻ എമിറേറ്റുകൾക്കു പിന്നാലെ പറക്കും ടാക്സി പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തി റാസല്‍ഖൈമ.യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ഖാസിമിയുടെ സാന്നിധ്യത്തിലാണ് ചൈനയിലെ എക്സ്പെങ് എയറോട്ടിന്റെ ഇലക്ട്രിക് പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കല്‍ അല്‍ജസീറ ഏവിയേഷന്‍ ക്ലബില്‍ നടന്നത്. ചൈന അംബാസഡര്‍ ഷാങ്യിമിങ്ങിന്റെ സാന്നിധ്യത്തിലാണ് ഇലക്ട്രിക് ഫ്ലയിങ് വെഹിക്കിള്‍ പറന്നുയര്‍ന്നത്.
നവീകരണത്തിലും സുസ്ഥിരതയിലും അധിഷ്ഠിതമായ ഭാവി കെട്ടിപ്പടുക്കുകയെന്ന യു.എ.ഇയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കലെന്ന് ശൈഖ് സഊദ് പറഞ്ഞു. ആഗോള ടെക് കമ്പനികളുമായി സഹകരിച്ച് അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും താമസം, ജോലി, നിക്ഷേപം, വിനോദ സഞ്ചാരം തുടങ്ങിയവയുടെ ഇഷ്ട കേന്ദ്രമെന്ന നിലയില്‍ റാസല്‍ഖൈമയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സഹായകമാണ് എക്സ്പെങ് എയറോട്ടുമായുള്ള സഹകരണം.
അതേസമയം, 15 മിനിറ്റ് മാത്രം സമയദൈര്‍ഘ്യത്തില്‍ ദുബൈയില്‍നിന്ന് റാസല്ഖൈമയിലെത്താന് കഴിയുന്ന ‘പറക്കും ടാക്സികള്‍’ അവതരിപ്പിക്കാന്‍ സ്കൈ പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ച്ചറുമായി റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (റാക്ട), റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും (റാക് ടി.ഡി.എ) കഴിഞ്ഞ വര്‍ഷം ധാരണപത്രം ഒപ്പുവെച്ചിരുന്നു.
ഇതുപ്രകാരം റാസല്‍ഖൈമയിലെ പ്രധാന വിനോദകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് 2027 മുതല്‍ പറക്കും ടാക്സികളുടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രാവര്‍ത്തികമാകുന്നതോടെ കുറഞ്ഞ സമയത്തിനുള്ളില്‍ വിനോദ സഞ്ചാരികളെ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയും. പറക്കും ടാക്സികള്‍ യാഥാര്‍ഥ്യമായാല്‍ ദുബൈ വിമാനത്താവളത്തില്‍നിന്ന് റാക് അല്‍ മര്‍ജാന്‍ ഐലൻഡിലേക്ക് യാത്രദൈര്‍ഘ്യം 15-18 മിനിറ്റായി കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

