ദുബൈയിൽ എയർ ടാക്സി പരീക്ഷണപ്പറക്കൽ വിജയം
text_fieldsപരീക്ഷണാടിസ്ഥാനത്തിൽ പറന്നുയരുന്ന എയർ ടാക്സി
ദുബൈ: മേഖലയിൽ ആദ്യമായി ഇലക്ട്രിക് എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി ദുബൈ. അടുത്ത വർഷം പദ്ധതി വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ദുബൈ-അൽഐൻ റോഡിലെ മാർഗാമിലെ ദുബൈ ജെറ്റ്മാൻ ഹെലിപാഡിലുള്ള ‘ജോബി’യുടെ പരീക്ഷണ കേന്ദ്രത്തിലാണ് പരീക്ഷണ പറക്കൽ നടന്നത്.
മാധ്യമ പ്രതിനിധികളുടെയും ജോബി ഏവിയേഷൻ ടീമിലെ മുതിർന്ന അംഗങ്ങളുടെയും സാന്നിധ്യത്തിൽ എയർ ടാക്സി നിരവധി തവണകളായി പറന്നു. പരീക്ഷണ കേന്ദ്രത്തിനും ചുറ്റുമുള്ള മരുഭൂമിക്കും മുകളിലൂടെ ടാക്സി കടന്നുപോയ ശേഷം വിജയകരമായി ലാൻഡ്ചെയ്തു. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണപ്പറക്കലിന്റെ വിജയം സമ്പൂർണമായ രീതിയിൽ പദ്ധതി നടപ്പിലാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ഏറ്റവും നവീനമായ അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കുന്നതിലെ ദുബൈയുടെ അഭിലാഷങ്ങളെ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടം ദൂരങ്ങൾ കുറക്കുകയും ദുബൈയിലെ ജീവിത നിലവാരം ഉയർത്തുകയും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗതത്തെ പുനർനിർവചിക്കുകയും ചെയ്യും. നവീകരണത്തിലും സാങ്കേതികവിദ്യയിലും ആഗോള തലത്തിൽ യു.എ.ഇയുടെ പദവി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത് -അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരത്തിലുടനീളം എളുപ്പത്തിലും വേഗത്തിലും സുരക്ഷിതമായും സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്കും സന്ദർശകർക്കും എയർ ടാക്സി പുതിയ മികച്ച സേവനം ഉറപ്പാക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പാം ജുമൈറയിലേക്കുള്ള യാത്ര ഇതിലൂടെ 12 മിനിറ്റിൽ സാധ്യമാകും. കാറിൽ 45 മിനിറ്റ് വേണ്ടിവരുന്നതാണിത്.
നൂതന ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ യു.എ.ഇ അതിവേഗത്തിലാണ് മുന്നേറുന്നത്. പൈലറ്റില്ലാ എയര്‍ ടാക്സികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ മാസം അബൂദബിയിൽ പരീക്ഷണ പറക്കലിന് തുടക്കമായിരുന്നു. അബൂദബിയിലെ കൊടുംചൂട് അടക്കമുള്ള വിവിധ സാഹചര്യങ്ങള്‍ എയര്‍ ടാക്സികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വിലയിരുത്തുകയായിരുന്നു പരീക്ഷണ പറക്കലിന്റെ ഉദ്ദേശ്യം. ഈ വര്‍ഷം അവസാനത്തോടെ പൈലറ്റില്ലാ എയര്‍ ടാക്സികള്‍ അബൂദബിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

