വിമാന യാത്രക്കാരോട് അവഗണന; പ്രതിഷേധം പുകയുന്നു
text_fieldsദുബൈ: പ്രവാസികളായ വിമാനയാത്രക്കാരോട് അവഗണന തുടരുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രവാസലോകത്ത് പ്രതിഷേധം പുകയുന്നു. എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ചും സർവിസുകൾ വെട്ടിച്ചുരുക്കിയും ടിക്കറ്റ് നിരക്ക് വർധനവിൽ ഇടപെടാതെയുമെല്ലാം കേന്ദ്ര സർക്കാർ സ്വകാര്യ വിമാനക്കമ്പനികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. കൂടുതൽ വിമാന സർവിസുകൾ നടത്താൻ തയാറാണെന്ന യു.എ.ഇയിലെ വിമാനക്കമ്പനികളുടെ നിർദേശം കേന്ദ്രം നിരസിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും എയർ ഇന്ത്യക്കും കത്തെഴുതിയിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിലേക്ക് വിദേശ വിമാനങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്ട് എക്സ്പാറ്റ്സ് (വെയ്ക്) വിവിധ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തു. ഗൾഫ് പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക, നിർത്തലാക്കിയ എയർ ഇന്ത്യ വിമാനങ്ങൾ പുനരാരംഭിക്കുക, മലബാർ മേഖലകളിലേക്ക് വലിയ വിമാനങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചു. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി എയർ ഇന്ത്യക്കും കേന്ദ്രത്തിനും നിവേദനം നൽകാൻ ഒരുങ്ങുകയാണ് വെയ്ക്.
കോവിഡിനുശേഷം സഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ഗൾഫ് വിമാനങ്ങൾ ഇന്ത്യയിലേക്ക് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടി പ്രവാസ സമൂഹത്തോടുള്ള വഞ്ചനയാണെന്ന് ‘ഓർമ’ അഭിപ്രായപ്പെട്ടു. കൂടുതൽ സർവിസുകൾ നടത്താൻ സന്നദ്ധത അറിയിച്ച ഗൾഫ് വിമാന ക്കമ്പനികൾക്ക്, അനുമതി നൽകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ദുബൈ എമിറേറ്റ്സ്, കുവൈത്ത് ജസീറ, ടർകിഷ് എയർവേസ്, ഖത്തർ എയർവേസ് തുടങ്ങിയ വിമാനക്കമ്പനികൾ ഇന്ത്യയിലേക്കുള്ള സർവിസുകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കേന്ദ്രമന്ത്രി നിരസിച്ചിരുന്നു. പെരുന്നാൾ, ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷ നാളുകളും കേരളത്തിലെ സ്കൂൾ അവധിക്കാലവും പ്രമാണിച്ച് പ്രവാസി മലയാളികൾ കൂടുതൽ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് അനുദിനം വർധിക്കുകയാണ്. അതിനിടയിൽ എയർ ഇന്ത്യ കേരളത്തിലേക്കുള്ള സർവിസുകൾ വെട്ടിക്കുറക്കുകയും ചെയ്യുന്നു.
ഗൾഫ് മേഖലയെ കൈയൊഴിയുന്ന നടപടിയാണ് എയർ ഇന്ത്യ സ്വീകരിക്കുന്നത്. കേരളത്തിലെ നാല് എയർപോർട്ടുകളിലേക്കും ഗൾഫ് വിമാന ക്കമ്പനികളുടെ ആവശ്യത്തിനനുസരിച്ച് സർവിസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്നും ‘ഓർമ’ സെൻട്രൽ കമ്മിറ്റി അഭ്യർഥിച്ചു. കേരള സർക്കാർ കഴിഞ്ഞ ബജറ്റിൽ വാഗ്ദാനം ചെയ്ത ചാർട്ടേഡ് ഫ്ലൈറ്റ് സർവിസ് എവിടെയെന്ന് സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി ചോദിച്ചു. അനുമതി തേടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് പോയിട്ടുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ പറയുന്നുണ്ട്. എന്നാൽ, പ്രവാസികളെയും അവരുടെ കുടുംബത്തെയും വിമാനക്കമ്പനികൾ കൊള്ളയടിച്ചുതുടങ്ങിയെന്നും ഇതിനെതിരെ പ്രതികരിക്കാൻപോലും ജനപ്രതിനിധികൾ തയാറാവുന്നില്ലെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവാസികൾ പ്രതികരിക്കണമെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

