യാത്രക്കാരന് ശാരീരികാസ്വാസ്ഥ്യം: റിയാദ് -മുംബൈ വിമാനം ഷാര്‍ജയിലിറക്കി
text_fieldsറിയാദ്: യാത്രക്കാരന് രക്തസമ്മര്‍ദം കുറയുകയും മനോവിഭ്രാന്തിയുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് റിയാദ് - മുംബൈ എയര്‍ ഇന്ത്യ വിമാനം ഷാര്‍ജയിലിറക്കി. വെള്ളിയാഴ്ച രാവിലെ 6.45ന് റിയാദില്‍ നിന്ന് പുറപ്പെട്ട എ.ഐ 922 വിമാനമാണ് ഇക്കോണമി ക്ളാസിലെ യാത്രക്കാരന്‍ ഹൈദരാബാദ് സ്വദേശി ഇമ്രാന്‍ എന്ന 31കാരന്‍െറ ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം പ്രശ്നത്തില്‍ പെട്ടത്. അടിയന്തരമായി ഷാര്‍ജയിലിറക്കുകയും യാത്രക്കാരനെ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മൂന്നുമണിക്കൂര്‍ വൈകി മുംബൈയിലേക്ക് യാത്ര തുടരുകയും ചെയ്തു. വിമാനം വൈകിയത് മൂലം പലയിടങ്ങളിലേക്കുമുള്ള കണക്ഷന്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ട് മലയാളികളടക്കമുള്ള നിരവധി യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങി.
റിയാദില്‍ നിന്ന് യാത്ര തുടങ്ങി അധികം കഴിയും മുമ്പേ ഇമ്രാന്‍ ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. വിറയലും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. കുറെനേരത്തേക്ക് സംസാരശേഷിയും നഷ്ടപ്പെട്ടു. അതിനുശേഷം മനോവിഭ്രാന്തി ഉണ്ടായതുപോലെയായി പ്രകടനങ്ങള്‍. വിമാന ജോലിക്കാര്‍ ഇയാളെ പരിചരിക്കുകയും ആശ്വസിപ്പിക്കുകയും അടക്കിയിരുത്താന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും സ്ഥിതി കൂടുതല്‍ വഷളാകുന്നത് മനസിലാക്കി വിമാനം വഴിതിരിച്ചു വിട്ട പൈലറ്റ് ഏറ്റവും അടുത്തുള്ള ഷാര്‍ജ വിമാനത്താവളത്തിലിറക്കുകയായിരുന്നു. ലാന്‍ഡ് ചെയ്ത ഉടനെ എയര്‍പ്പോര്‍ട്ട് ഡോക്ടര്‍ വിമാനത്തിനുള്ളിലത്തെി അയാളെ പരിശോധിച്ചു.
രക്തസമ്മര്‍ദം വളരെ കുറഞ്ഞിരിക്കുന്നതായി കണ്ടു. മയക്കുമരുന്നു പോലെ എന്തോ ഉപയോഗിച്ചതിന്‍െറ പ്രശ്നങ്ങളാണെന്ന് ഡോക്ടര്‍ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നല്‍കുകയും വിമാനത്തില്‍ നടത്തിച്ചുനോക്കുകയും ചെയ്തു. വിഭ്രാന്തി തുടര്‍ന്നപ്പോള്‍ ഇനി ബഹളം കൂട്ടിയാല്‍ അവിടെ ഇറക്കുമെന്നും പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും അയാളെ ഡോക്ടര്‍ ശ്വാസിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ പതിയെ പതിയെ പൂര്‍വാരോഗ്യ സ്ഥിതിയിലേക്ക് എത്തി.
എന്നാല്‍ ആരോഗ്യാവസ്ഥ സംബന്ധിച്ച് ഡോക്ടര്‍ രേഖാമൂലം സര്‍ട്ടിഫൈ ചെയ്താലെ ഇനി വിമാനമെടുക്കൂ എന്നായി പൈലറ്റ്. ഒടുവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് കൊടുത്തശേഷമാണ് യാത്ര തുടര്‍ന്നത്.
യു.എ.ഇ സമയം 11.30നാണ് വിമാനം അവിടെ നിന്ന് പുറപ്പെട്ടത്. ഒരു മണിക്ക് എത്തേണ്ട വിമാനം 3.45നാണ് മുംബൈയിലത്തെിയത്. അപ്പോഴേക്കും കണക്ഷന്‍ വിമാനങ്ങളെല്ലാം പോയിക്കഴിഞ്ഞതിനാല്‍ കൊച്ചി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരെല്ലാം മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നും ലഗേജ് കിട്ടാന്‍ വളരെ വൈകിയെന്നും ഇനി എപ്പോള്‍ വിമാനം കിട്ടുമെന്ന് അറിയാതെ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലാണെന്നും ഈ വിമാനത്തിലെ യാത്രക്കാരനായിരുന്ന റിയാദില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഷക്കീബ് കൊളക്കാടന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. റിയാദിലെ ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉന്നതോദ്യോഗസ്ഥന്‍ പട്ടാമ്പി സ്വദേശി അബ്ദുസ്സലാമും കുടുങ്ങിയവരില്‍ പെടും. ഇളയ മകന് റൂര്‍ക്കല എന്‍.ഐ.ടിയില്‍ അഡ്മിഷന്‍ കിട്ടിയുള്ള യാത്രയിലായിരുന്ന അദ്ദേഹവും മകനും ബുക്ക് ചെയ്ത ട്രെയിന്‍ നഷ്ടപ്പെട്ട് കുടുങ്ങിയ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
