എയർ ഇന്ത്യ നിർത്തൽ; കിടപ്പുരോഗികൾ പ്രതിസന്ധിയിൽ
text_fieldsദുബൈ: യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ സർവിസ് നിർത്തിയതോടെ നാട്ടിലെത്താനാകാതെ കിടപ്പുരോഗികൾ. സ്ട്രെച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധി പേരാണ് നാടണയാനാകാതെ കഴിയുന്നത്. മാസത്തിൽ 15-20 രോഗികളെ സ്ട്രെച്ചർ സംവിധാനം വഴി നാട്ടിലെത്തിച്ചിരുന്ന സ്ഥാനത്ത് ഗുരുതര രോഗം ബാധിച്ചവരെപ്പോലും നാട്ടിലേക്കയക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ, ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടും നാട്ടിൽ പോകാനാകാത്ത അവസ്ഥയിലാണ് ഗുരുതര രോഗം ബാധിച്ച പ്രവാസികൾ.
എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളിലും എമിറേറ്റ്സ് എയർലൈനിലുമാണ് കേരളത്തിലേക്ക് കിടപ്പുരോഗികളെ അയച്ചിരുന്നത്. എയർ ഇന്ത്യയിൽ 11000-13000 ദിർഹം (2.40-2.85 ലക്ഷം രൂപ) ചെലവാകുമ്പോൾ എമിറേറ്റ്സിൽ 38,000-40,000 ദിർഹമാണ് (8.40-8.80 ലക്ഷം രൂപ) ചെലവാകുന്നത്. നിർധനരായ പ്രവാസികൾക്ക് ഈ തുക താങ്ങാനാകാത്തതിനാൽ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ എയർ ഇന്ത്യയിൽ അയക്കുന്നതായിരുന്നു പതിവ്.
എന്നാൽ, കഴിഞ്ഞ മാസം എയർ ഇന്ത്യയുടെ കോഴിക്കോട് വിമാനങ്ങൾ നിർത്തിയതോടെ രോഗികൾ പ്രതിസന്ധിയിലായി. ചെലവ് കൂടുതലായതിനാൽ ഇതിന് പിന്നാലെ കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ വലിയ വിമാനത്തിന് പകരം ചെറിയ വിമാനം ഏർപ്പെടുത്തുകയും ചെയ്തു. നിലവിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് സർവിസ് നടത്തുന്ന ഏക എയർ ഇന്ത്യ വിമാനം ഇതാണ്. എന്നാൽ, ചെറിയ വിമാനമായതിനാൽ മാസത്തിൽ രണ്ടോ മൂന്നോ രോഗികളെ മാത്രമാണ് ഇതിൽ കയറ്റുന്നത്. വിമാനത്തിന്റെ ഒമ്പതു സീറ്റുകൾ മാറ്റിവെച്ചാണ് കിടപ്പുരോഗികൾക്ക് സൗകര്യമൊരുക്കുന്നത്. കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ടെങ്കിലും ഇതിൽ സ്ട്രെച്ചർ സംവിധാനമില്ല.
ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്ട് എക്സ്പാറ്റ്സ് (വെയ്ക്) പ്രസിഡന്റ് സി.കെ. രാജഗോപാൽ, ജനറൽ സെക്രട്ടറി കെ.പി. മഷൂദ്, ട്രഷറർ എൽ.സി. മുഹമ്മദ് കാസിം എന്നിവർ മുഖ്യമന്ത്രിക്കും നോർക്ക സി.ഇ.ഒക്കും നിവേദനം നൽകി. വിവിധ പ്രവാസി സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

