എയർ ഇന്ത്യ ദുബൈ-കൊച്ചി സർവിസ് നിർത്തുന്നു
text_fieldsദുബൈ: ദുബൈ-കൊച്ചി, ഹൈദരാബാദ് സർവിസുകൾ നിർത്തലാക്കാനുള്ള എയർ ഇന്ത്യ തീരുമാനം സാധാരണക്കാരായ പ്രവാസികൾക്കൊപ്പം ബിസിനസുകാർക്കും വൻ തിരിച്ചടിയാകും. വേനൽകാല ഷെഡ്യൂൾ ആരംഭിക്കുന്ന മാർച്ച് 29 മുതൽ ഈ രണ്ട് സെക്ടറുകളിലേക്കുമുള്ള സർവിസുകൾ അവസാനിപ്പിക്കുമെന്നാണ് എയർ ഇന്ത്യ തീരുമാനം. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും വേനൽ കാല ഷെഡ്യൂളുകളിൽനിന്ന് ഈ രണ്ട് സർവിസുകളും എയർ ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്.
പകരം ഈ റൂട്ടുകളിൽ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുമെന്നാണ് അധികൃതരിൽ നിന്നുള്ള വിശദീകരണം. യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്കും ഹൈദരാബാദിലേക്കും പ്രതിദിന സർവിസുകളാണ് എയർ ഇന്ത്യ നടത്തിവരുന്നത്. ഈ സെക്ടറുകളിൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെടുമ്പോഴാണ് അപ്രതീക്ഷിതമായി സർവിസ് അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം. ഹ്രസ്വദൂര സെക്ടറുകളിൽ ഡ്രീം ലൈനായ എയർ ഇന്ത്യയെ പിൻവലിച്ച് യൂറോപ്പ് ഉൾപ്പെടെയുള്ള ദീർഘദൂര സെക്ടറുകളിലേക്ക് പുനർവിന്യസിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അതേസമയം, ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള മെട്രോ നഗരങ്ങളിലേക്ക് മാത്രം എയർ ഇന്ത്യ സർവിസ് നിലനിർത്തുകയും ചെയ്യും.
ദുബൈയിൽ കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ സർവിസ് നടത്തുന്ന ടെർമിനൽ ഒന്നിൽ നിന്നാണ് എയർ ഇന്ത്യയുടെയും സർവിസ്. മറ്റ് വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർ ദുബൈ വഴി ഇന്ത്യയിലേക്ക് പോകുന്നതിന് ആശ്രയിച്ചിരുന്നത് എയർ ഇന്ത്യ വിമാനത്തേയാണ്. ഇത് നിർത്തലാക്കുന്നതോടെ ഈ സെക്ടറുകളിൽ സർവിസ് നടത്തുന്ന എമിറേറ്റ്സ് ഉൾപ്പെടെ മറ്റ് വിമാന കമ്പനികൾക്ക് എതിരാളികൾ ഇല്ലാതാകുകയും ടിക്കറ്റ് നിരക്ക് ഇനിയും വർധിക്കാൻ ഇടയാക്കുകയും ചെയ്യും.
എല്ലാ വിഭാഗം യാത്രക്കാരുടെയും വൻ ഡിമാന്‍റ് അനുഭവപ്പെടുന്ന സെക്ടറിൽ നിന്ന് എയർ ഇന്ത്യ അപ്രതീക്ഷിതമായി സർവിസ് നിർത്തുന്നത് കൂടുതൽ ലാഭം കണ്ടുകൊണ്ടാണെന്ന് വ്യക്തമാണ്. ഇന്ത്യക്ക് പകരം ദുബൈയിൽ നിന്ന് യൂറോപ്പ് ഉൾപ്പെടെ ദീർഘദൂര സെക്ടറുകളിലേക്ക് സർവിസ് നടത്തുന്നതാണ് കൂടുതൽ ലാഭകരമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടൽ എന്നാണ് ഈ മേഖലയിൽ നിന്നുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം, ബജറ്റ് എയർലൈനിൽ നിന്ന് വിത്യസ്തമായി നിരവധി സൗകര്യങ്ങളാണ് എയർ ഇന്ത്യ സർവിസ് നിർത്തുന്നതോടെ യാത്രക്കാർക്ക് നഷ്ടമാകുക. ടിക്കറ്റുകൾ ഇഷ്യൂ ചെയ്യാതെ മുൻകൂട്ടി ബുക് ചെയ്യാനും കൂടുതൽ ബാഗേജ് സൗകര്യവും ഭക്ഷണം ഉൾപ്പെടെ മറ്റ് സൗകര്യങ്ങളും എയർ ഇന്ത്യ നിലവിൽ അനുവദിക്കുന്നുണ്ട്. കൂടാതെ ലോകത്തെ പ്രധാന വിമാനത്താളവങ്ങളിലേക്ക് തടസ്സമില്ലാത്ത യാത്ര, പ്രീമിയം കാബിനുകൾ, ലോഞ്ച് സൗകര്യങ്ങൾ, ലോയൽട്ടി പോയന്‍റുകൾ എന്നീ ആനുകൂല്യങ്ങൾ കൊണ്ട് ബിസിനസുകാർ ഉൾപ്പെടെ കൂടുതൽ പേരും എയർ ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് വരുന്നതോടെ സർവിസുകൾ നിരന്തരം തടസ്സപ്പെടുമെന്ന ആശങ്കയും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

