വീണ്ടും വിമാനമുടക്കം; ദുരിതത്തിലായി യാത്രക്കാർ
text_fieldsദുബൈ: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദുബൈയിൽനിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപ്രതീക്ഷിതമായി മുടങ്ങിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വിമാനത്തിൽ യാത്രക്കാർ പ്രവേശിച്ചശേഷം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം റദ്ദാക്കിയത്.
ഇതോടെ രാവിലെ 8.15ന് വിമാനത്തിൽ പ്രവേശിച്ച യാത്രക്കാർ നാലു മണിക്കൂർ കൊടുംചൂടിൽ വിമാനത്തിനകത്ത് ദുരിതത്തിലായി. വിമാനത്തിൽ എ.സി പ്രവർത്തിച്ചിരുന്നില്ലെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ ഏറെ പ്രയാസപ്പെട്ടുവെന്നും വിമാനത്തിലുണ്ടായിരുന്നവർ മാധ്യമങ്ങളോട് പരാതിപ്പെട്ടു. ഐ.എക്സ് 346 നമ്പർ വിമാനമാണ് പറക്കുന്നതിനു തൊട്ട്മുമ്പ് മുടങ്ങിയത്. കനത്ത ചൂടുള്ള അന്തരീക്ഷത്തിൽ എ.സി പ്രവർത്തിക്കാതെ വന്നതോടെ വിയർത്തൊലിച്ച് യാത്രക്കാർ വിമാനത്തിനകത്ത് തുടരേണ്ടിവന്നു. വിമാനം യാത്ര പുറപ്പെടുമോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരം നൽകിയില്ലെന്നും പ്രായമായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വളരെ പ്രയാസപ്പെട്ടുവെന്നും യാത്രക്കാർ പറഞ്ഞു. മണിക്കൂറുകൾക്കുശേഷം ഉച്ച 12.15നാണ് പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനം റദ്ദാക്കിയതായി യാത്രക്കാർക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റാമെന്ന് അറിയിച്ചു. രാത്രി 3.30ന് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യാമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ചില യാത്രക്കാർ ടിക്കറ്റ് കാൻസൽ ചെയ്ത് റീഫണ്ട് ചെയ്ത് നൽകണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
മരണം, വിവാഹം അടക്കമുള്ള അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യുന്ന പലരും മറ്റു വിമാനങ്ങളിൽ വലിയ നിരക്കിൽ ടിക്കറ്റ് ബുക് ചെയ്ത് യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ടിക്കറ്റ് റീഫണ്ട് കാര്യത്തിൽ അധികൃതർ ഉറപ്പുനൽകിയിട്ടില്ലെന്നും ചില യാത്രക്കാർ പരാതിപ്പെട്ടു. അതേസമയം വിമാനത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്നും യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എ.സി പ്രവർത്തനക്ഷമമായിരുന്നെന്നും, അതേസമയം പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെയാണ് എ.സി കുറച്ചുനേരം ഓഫ് ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 523 തിരുവനന്തപുരം-അബൂദബി വിമാനവും ഒന്നര മണിക്കൂർ വൈകി. ഇന്ത്യൻ സമയം 1.15ന് പുറപ്പെടേണ്ട വിമാനം 2.40നാണ് പുറപ്പെട്ടത്. വ്യാഴാഴ്ച ജയ്പൂരിൽനിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

