പ്രവാസി മൃതദേഹം ഇനി തൂക്കില്ല; വിമാന നിരക്ക് ഏകീകരിച്ചു
text_fieldsദുബൈ: ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്നത് ഇതോടെ അവസാനിക്കും. യു.എ.ഇയിൽ നിന്ന് ഇന്ത്യയില്‍ എവിടേക്കും പ്രവാസികളുടെ മൃതദേഹം എത്തിക്കാന്‍ 1500 ദിര്‍ഹമാണ് (ഏകദേശം 28,000 രൂപ) ഈടാക്കുക. മൃതദേഹം തൂക്കി നിരക്ക് ഈടാക്കുന്നത് പ്രവാസികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.
ശനിയാഴ്ച മുതല്‍ ഇൗ നിരക്ക് നിലവില്‍ വരും. യു.എ.ഇയിൽ നിന്ന് പ്രായപൂര്‍ത്തിയായവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിര്‍ഹവും 12 വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് 750 ദിര്‍ഹവുമാണ് ഈടാക്കുക. ഒമാനില്‍ നിന്ന് 160 റിയാൽ, കുവൈത്തില്‍ നിന്ന് 175 ദീനാർ, സൗദിയില്‍ നിന്ന് 2200 റിയാൽ, ബഹ്റൈനില്‍ നിന്ന് 225 ദിനാർ, ഖത്തറില്‍ നിന്ന് 2200 റിയാല്‍ എന്നിങ്ങനെയായിരിക്കും മുതിര്‍ന്നവരുടെ മൃതദേഹത്തിനുള്ള നിരക്ക്. വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ വിമാനക്കമ്പനികൾ തൂക്കി അമിത നിരക്ക് ഇൗടാക്കുന്ന നടപടിക്കെതിരെ മാധ്യമം നിരവധി വാർത്തകളും വാർത്താ പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡവലപ്മെൻറ് ഫോറം പ്രവാസി മൃതദേഹം പൂർണമായും സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഇൗയിടെ പാർലമെൻറിന് മുമ്പിൽ 24 മണിക്കൂർ നിരാഹാര സമരവും നടത്തി.പുതിയ നിരക്കോടെ കേരളത്തിലേക്ക് നിലവിൽ ഇൗടാക്കുന്നതിനേക്കാൾ 10,000 രൂപയോളം കുറയും. എന്നാൽ ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് നിലവിലേതിനേക്കാൾ അൽപം കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
